കണ്ണൂർ: തലശേരിയിൽ തമിഴ്നാട് സ്വദേശി കാളിമുത്തു പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ, ഇയാളെ മർദിച്ച നാട്ടുകാർക്കെതിരെ കേസെടുത്തു. നാല് പേർക്കെതിരെയാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ചികിത്സയിൽ കഴിയുന്ന കാളിമുത്തുവിന്റെ സുഹൃത്ത് രാജുവിന്റെ മൊഴിയെടുക്കും. അതേസമയം കാളിമുത്തുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ്.
ശനിയാഴ്ച്ച രാത്രിയിൽ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച് ഇന്നലെ രാവിലെ മരിച്ച കാളിമുത്തുവിന് നാട്ടുകാരുടെ മർദനമേറ്റിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇതിന്റെ തുടർച്ചയായാണ് ടെംപിൾ ഗേററിന് സമീപത്ത് നിന്നും ഇവരെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനായി കാളിമുത്തുവിനൊപ്പം ഉണ്ടായിരുന്ന രാജുവിന്റെ മൊഴി പൊലീസ് എടുക്കുന്നുണ്ട്.
അതേസമയം മർദനമേറ്റല്ല മരണമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ശരീരത്തിൽ മർദനമേറ്റ അടയാളങ്ങളുണ്ട്. അതേസമയം പൊലീസ് കസ്റ്റഡിയിൽ മർദനം ഉണ്ടായിട്ടില്ലെന്നും എന്നാൽ നടപടിക്രമങ്ങളിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കാട്ടി പൊലീസ് വകുപ്പുതല റിപ്പോർട്ട് നൽകിയിട്ടുണ്ട്. അകാരണമായി 28 മണിക്കൂറാണ് കാളിമുത്തു പൊലീസ് കസ്റ്റഡിയിലിരുന്നതും പിന്നീട് മരിച്ചതും. അന്വേഷണങ്ങളുടെ ഭാഗമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്.ഐ ഫൈസൽ, എ എസ്ഐമാരായ രാമചന്ദ്രൻ, രമേശ് എന്നിവർക്കാണ് സസ്പെൻഷൻ.
