ഈ മരണം ഒരിക്കലും ട്രെയിന്‍ ദുരന്തവുമായി ബന്ധമില്ലെന്നാണ്  ചഢീവിന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ പറയുന്നത്. ഈ മരണം നടന്നത് ത്രാണ്‍ എന്ന സ്ഥലത്താണെന്നും മരിച്ച വ്യക്തി കഴിഞ്ഞ നാലുമാസമായി വിഷാദരോഗിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു

അമൃത്‍സര്‍: രാജ്യത്തെ നടുക്കിയ ദുരന്തമാണ് ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി കഴിഞ്ഞ വെള്ളിയാഴ്ച സംഭവിച്ചത്. ഇതിനെ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ സംഭവത്തില്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് റെയില്‍വേ പറയുന്നത്. ഇതിനിടയിലാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രചരിക്കാന്‍ തുടങ്ങിയത്.

അപകടത്തിന് ഇടയാക്കിയ പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് ഓടിച്ച ലോക്കോ പൈലറ്റ് ആത്മഹത്യ കുറിപ്പ് എഴുതി ആത്മഹത്യ ചെയ്തു എന്നായിരുന്നു ചിത്രം അടക്കം പ്രചരണം നടക്കുന്നത്. പൊതുമധ്യത്തില്‍ തൂങ്ങിനില്‍ക്കുന്ന ഒരാളുടെ ഫോട്ടോയും, ഒരു ഹിന്ദിയില്‍ എഴുതിയ കുറിപ്പും അടക്കമാണ് പ്രചരണം. റൂറക്ക് മൈ സിറ്റി എന്ന എഫ്ബി പേജില്‍ വന്ന ചിത്രവും കുറിപ്പും പ്രദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത പോലുമായി.

എന്നാല്‍ ഇത് സത്യമല്ലെന്നാണ് ആള്‍ട്ട് ന്യൂസിന്‍റെ വാര്‍ത്ത പറയുന്നത്. ഈ മരണം ഒരിക്കലും ട്രെയിന്‍ ദുരന്തവുമായി ബന്ധമില്ലെന്നാണ് ചഢീവിന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ പറയുന്നത്. ഈ മരണം നടന്നത് ത്രാണ്‍ എന്ന സ്ഥലത്താണെന്നും മരിച്ച വ്യക്തി കഴിഞ്ഞ നാലുമാസമായി വിഷാദരോഗിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് സംബന്ധിച്ച് ദൈനിക്ക് ജാഗരണ്‍ അടക്കമുള്ള പത്രങ്ങളില്‍ വാര്‍ത്തയും വന്നിട്ടുണ്ട്. പരംജിത്ത് എന്നാണ് ഇയാളുടെ പേര് എന്ന് പത്രവാര്‍ത്ത പറയുന്നു. ഇയാള്‍ റെയില്‍വേയുമായി ഒരു ബന്ധവുമില്ലെന്നാണ് വാര്‍ത്ത പറയുന്നത്. 

അതേ സമയം അന്ന് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റ് സംഭവത്തില്‍ തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി. രണ്ട് ട്രെയിനുകൾ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയെന്ന സൂചനകള്‍ നിലനിൽക്കെയാണ് വിശദീകരണം.

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. വൈകീട്ട് 7 മണിക്ക് പഠാന്‍കോട്ടില്‍ നിന്ന് അമൃത്‍സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. അപകടത്തിന് ശേഷം ട്രെയിൻ സർവ്വീസ് നിർത്തിവച്ചതായും ലോക്കോപൈലറ്റ് പറഞ്ഞു.

ആഘോഷത്തോട് അനുബന്ധിച്ച് രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് റയില്‍േവ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. സ്ഥലം എംഎല്‍എ നവ്‍ജോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവ്‍ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിനിടെയാണ് ട്രെയിന്‍ പാഞ്ഞെത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്‍റെ വരവറിഞ്ഞില്ല.