ഒറ്റക്കെട്ടായി ബില്‍ പാസ്സാക്കണമെന്ന സർക്കാരിന്റെ അപേക്ഷ സഭ സ്വീകരിക്കുകയായിരുന്നു. പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം വേണം, സർക്കാർ ജീവനക്കാരെ അറസ്റ്റ്ചെയ്യാൻ നിയമന അതോറിറ്റിയുടെ അനുമതി വേണം തുടങ്ങിയ കോടതി നിർദ്ദേശങ്ങൾ തള്ളുന്നതാണ് ഇന്ന് പാസ്സാക്കിയ നിയമ ഭേദഗതി.  

ദില്ലി: പട്ടികവിഭാഗ സംരക്ഷണ നിയമം നിലനിര്‍ത്താനുള്ള ബിൽ ലോക്സഭ ഏകകണ്ഠമായി പാസാക്കി. ഭരണഘടനയുടെ ഒന്‍പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. ബില്‍ നാളെ രാജ്യസഭയിൽ കൊണ്ടു വരും.

ഒറ്റക്കെട്ടായി ബില്‍ പാസ്സാക്കണമെന്ന സർക്കാരിന്റെ അപേക്ഷ സഭ സ്വീകരിക്കുകയായിരുന്നു. പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം വേണം, സർക്കാർ ജീവനക്കാരെ അറസ്റ്റ്ചെയ്യാൻ നിയമന അതോറിറ്റിയുടെ അനുമതി വേണം തുടങ്ങിയ കോടതി നിർദ്ദേശങ്ങൾ തള്ളുന്നതാണ് ഇന്ന് പാസ്സാക്കിയ നിയമ ഭേദഗതി.

എന്നാല്‍ ബിൽ ഒന്‍പതാം പട്ടികയിൽ പെടുത്തണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പടെ പത്തിലധികം പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതേസമയം ഒന്‍പതാം പട്ടികയിൽ പെടുത്തിയാലും കോടതിക്ക് ഇടപെടാനാകും എന്നായിരുന്നു സർക്കാരിന്റെ നിലപാട്. സംവരണത്തിനെതിരാണെന്ന പ്രചരണം ചെറുക്കാനും സർക്കാർ ചർച്ചയിൽ ശ്രമിച്ചു. തങ്ങൾ എന്നും സംവരണത്തിന്റെ പക്ഷത്തായിരുന്നുവെന്നും ഭാവിയിലും അങ്ങനെയായിരിക്കുമെന്നും കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവർചന്ദ് ഗലോട്ട് പറഞ്ഞു.

ബില്ലിന് എതിര് നില്‍ക്കുന്നെന്ന പരാതി ഒഴിവാക്കാനാണ് ഒന്‍പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നില്‍ക്കാത്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പിന്നാക്ക വിഭാഗകമ്മീഷന് ഭരണഘടനാ പദവി നല്‍കാനുള്ള ബിൽ രാജ്യസഭയും പാസ്സാക്കി. ലോക്സഭ രണ്ടാമതും അയച്ച ബിൽ രാജ്യസഭ അംഗീകരിക്കുകയായിരുന്നു. രണ്ട് ബില്ലുകളും ഒരു ദിവസം പാസ്സാക്കിയ ബിജെപി പിന്നാക്ക ദളിത് വോട്ടുകൾ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.