തിരുവനന്തപുരം: സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവിനെ തുടന്ന് സ്ഥാനമൊഴിഞ്ഞ ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് തലപ്പത്ത് എത്തിയേക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പൊലീസ് സെക്യൂരിറ്റി കമ്മിറ്റി, ബഹറയുടെ പേര് വീണ്ടും നിർദ്ദേശിച്ചു എന്നാണ് സൂചന. ഈ ശുപാർശ ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിച്ചേക്കും.
സെൻകുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് ബെഹ്റയെ പരിഗണിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം സെൻകുമാറിനെ മാറ്റി പൊലീസ് മേധാവിയായി ബെഹ്റയെ നിയമിച്ചു.11മാസത്തിന് ശേഷം സുപ്രീംകോടി വിധിയോടെ ബെഹ്റ, അധികാരം കൈമാറി വിജിലന്‍സ് മേധാവിയായി. സീനിയോറിറ്റി പ്രകാരം സെൻകുമാറിന് ശേഷം മുതിർന്നയാൾ ഇപ്പോൾ ഐഎംജി ഡയറ്കടറായ ജേക്കബ് തോമസാണ്. ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബഹ്റയെ തലപ്പത്ത് കൊണ്ടുവരുന്നതെന്നും ശ്രദ്ധേയം.
ബഹ്റ പൊലീസ് തലപ്പെത്ത് എത്തുന്നതോടെ ആഭ്യന്തര വകുപ്പിലും, വിജിലൻസിലും ഫയർഫോഴ്സിലും വൻ അഴിച്ചുപണിയുണ്ടാകും.
കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറുന്ന വിഷയവും ഇന്നത്തെ മന്ത്രിസഭയോഗം ചർച്ചചെയ്തേക്കും. തർക്കത്തെ തുടർന്ന് ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭയോഗം മാറ്റിവച്ചിരുന്നു. നിയമ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചചെയ്യാനാണ് മാറ്റിവച്ചത്.
