Asianet News MalayalamAsianet News Malayalam

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്സഭ പാസ്സാക്കി

loksabha passes tripple talaq bill
Author
First Published Dec 28, 2017, 8:00 PM IST

ദില്ലി: മുത്തലാഖ് ക്രിമിനൽ കറ്റമാക്കുന്ന ബില്ല് ലോക്സഭ പാസാക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവിലാണ് ബില്ല് പാസ്സാക്കിയത്. രാവിലെ ബില്ല് അവതരിപ്പിച്ച ശേഷം ഉച്ചയ്ക്ക് ശേഷം തന്നെ അപ്രതീക്ഷിത നടപടിയിലൂടെ ഇന്ന് തന്നെ ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു.  മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും  ഉറപ്പ് നൽകുന്നതാണ് ബില്ല്. അസദുദ്ദീന്‍ ഒവൈസിയും എന്‍.കെ പ്രേമചന്ദ്രനും എ സമ്പത്തും അടക്കമുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്ല് പാസ്സാക്കിയത്. മുസ്ലിം ലീഗും ഇടതുപക്ഷവും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ബില്ല് വിശ്വാസത്തിന്റെ കാര്യമല്ല ലിംഗനീതിയുടെ കാര്യമാണെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. ശരീഅത്ത് നിയമത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അന്തസ് ഉയര്‍ത്താനുമാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിർദിഷ്ട ബില്ലിൽ ഭേദഗതി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു. വനിത സംഘടനകളടക്കമുള്ളവരുമായി ചർച്ച നടത്തിയിട്ടില്ല ബില്ല് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും എന്നാല്‍ മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. മുത്തലാഖിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

എന്നാല്‍ ജീവനാംശം കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റ് കോടതിയ്ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. മൂന്ന് വർഷത്തെ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടു. അതേസമയം ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി മുസ്ലിം ലീഗും രംഗത്തെത്തി. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസിയും ആരോപിച്ചു. ബിജു ജനതാദളും അണ്ണാ ഡിഎംകെയും ബില്ലിന് എതിര്‍പ്പ് രേഖപ്പെടുത്തി. ബി.ജെ.പി വർഗീയമായി ഇടപെടുന്നുവെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. തുടര്‍ന്ന് അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയ ശേഷം ബില്ല് പാസ്സാക്കുകയായിരുന്നു. 3 വർഷം തടവുശിക്ഷ ഉറപ്പാക്കണമെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന എൻ.കെ പ്രേമചന്ദ്രന്റെ ഭേദഗതിയും എ സമ്പത്തിന്റെ ഭേദഗതിയും തള്ളി.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്ല് തയ്യാറാക്കിയത്. നിര്‍ദ്ദിഷ്ട ബില്ല് പിൻവലിക്കണമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മുത്തലാഖ്  സുപ്രീംകോടതി നിരോധിച്ചിട്ടും വാക്കിലൂടെയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഇത്  തുടരുന്ന സാഹചര്യത്തിലാണ് ലിംഗസമത്വം ഉറപ്പാക്കാൻ മുത്തലാഖ് ക്രിമനൽ കുറ്റമാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios