തൃശൂര്‍: തൃശൂര്‍ ചേറ്റുപുഴയിലെ ലോലിത വധക്കേസില്‍ പ്രതി പിടിയില്‍. മുളങ്കുന്നത്തുകാവ് സ്വദേശിയും ടാക്സി ഡ്രൈവറുമായ സജീഷാണ് പിടിയിലായത്. യുവതി പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ലോലിതയുടെ സുഹൃത്ത് സജീഷിനെ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ലോലിതയും മുളങ്കുന്നത്തുകാവില്‍ ടാക്സി ഡ്രൈവറായ സജീഷും തമ്മില്‍ ഒരുവര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം മുതലാക്കിയ സജീഷ് ലോലിതയുടെ മാലയും വളയും പണയം വയ്ക്കാനായി വാങ്ങിയിരുന്നു. ഒരാഴ്ചയ്ക്കകം എടുത്തു നല്‍കാമെന്ന ഉറപ്പില്‍ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി 69000 രൂപയ്ക്ക് വില്‍ക്കുകയും തന്‍റെ കടം വീട്ടുകയും ചെയ്തു.

സ്വര്‍ണം തിരികെ വേണമെന്ന് ലോലിത നിര്‍ബന്ധം പിടിച്ചതോടെ സജീഷ് അവരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ ലോലിത ജോലിക്ക് കയറിയിരുന്നു. മൂന്നാം തീയതി ലോലിതയെ കണ്ടെ പ്രതി പണം ശരിയായില്ലെന്നും അടുത്തദിവസം പണയം എടുത്തുതരാമെന്നും പറഞ്ഞു.

തുടര്‍ന്ന് ഇരുവരും പഴനിയ്ക്ക് പുറപ്പെട്ടു. ഇതിനിടെ വാഹനത്തില്‍ വച്ച് ജ്യൂസില്‍ കലര്‍ത്തിയ വിഷം ലോലിതയ്ക്ക് നല്‍കി. യുവതി അബാധാവസ്ഥയിലായപ്പോള്‍ ബലമായി ബാക്കി വിഷം കുടിപ്പിച്ചു. ശ്വാസം മുട്ടിയ്ക്കുകയും ചെയ്തു. മരിച്ചെന്നു കരുതി പൊള്ളാച്ചി- ധാരാപുരം ഹൈവേയിലെ ആളൊഴിഞ്ഞ കനാല്‍ക്കരയില്‍ ലോലിതയെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

മൃതപ്രായയായ യുവതിയെ നാട്ടുകാരാണ് പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ലോലിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. ലോലിതയെ കാണാനില്ലെന്ന മാതാവിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിവരികയായിരുന്ന ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മൃതദേഹം മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവന്നു.

തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇതിനിടെ ലോലിതയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസിന് സജീഷിനെപ്പറ്റി വിവരം ലഭിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. സജീഷ് വില്‍പന നടത്തിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.