ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. ലണ്ടന്‍ പാലത്തില്‍ പുലര്‍ച്ചെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. സംഭവത്തില്‍ ആറു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റെന്നും ആക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് വെടിവെച്ച് കൊന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാലത്തിലൂടെ നടക്കുകയായിരുന്ന കാല്‍ നട യാത്രക്കാര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉടന്‍ സ്ഥലത്തെത്തിയ സായുധ പൊലീസ് സംഘം എട്ട് മിനിറ്റിനുള്ളില്‍ തന്നെ ആക്രമണകാരികളെ വെടിവെച്ചുകൊന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആക്രമണകാരികള്‍ സ്ഫോടക വസ്തുക്കളെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ ധരിച്ചിരുന്നെങ്കിലും ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. പരിക്കേറ്റവരെ പരിസരത്തുള്ള ആറ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് അധികൃതര്‍ വ്യക്തമാക്കി.