ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചരണം നടത്തുന്ന നേതാക്കള്‍ക്ക് നേരെ ഐ.എസ് തീവ്രവാദിയുടെ ആക്രമണമുണ്ടായേക്കാം എന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഗുജറാത്ത് പോലീസിന് നല്‍കിയിരിക്കുന്നത്. ഉന്നതനേതാക്കന്‍മാരുടെ റോഡ് ഷോയ്ക്കിടെ ഒരാള്‍ ഒറ്റയ്ക്ക് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

നവംബര്‍ ആറിന് മധ്യപ്രദേശ് പോലീസ് പിടികൂടിയ ഉറോസ് ഖാന്‍,എന്‍.ഐ.എ പിടികൂടിയ ഉബൈദ് മിര്‍സ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇങ്ങനെയൊരു വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഐ.എസ് നേതൃത്വവുമായി നേരിട്ട് ബന്ധമില്ലാത്ത അനുഭാവികളെയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് നിയോഗിക്കുക അതിനാല്‍ തന്നെ ഇവരെ കണ്ടെത്തുക പ്രയാസകരമാണ്. ആക്രമണത്തിന് നിയോഗിക്കപ്പെട്ട ആള്‍ക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുകളും എത്തിച്ചു നല്‍കണമെന്ന് ഉറോസ് ഖാനും, ഉബൈദിനും നിര്‍ദേശം ലഭിച്ചിരുന്നതായും സൂചനകളുണ്ട്.

ഇതേ സംബന്ധിച്ചുള്ള കൂടുതല്‍ ഗുജറാത്ത് പോലീസ് പുറത്തു വിട്ടിട്ടില്ല.അതേസമയം സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നായിരിക്കാം റോഡ് ഷോ നടത്താനുള്ള രാഹുല്‍ ഗാന്ധിയുടേയും ബിജെപിയുടേയും അപേക്ഷ അഹമ്മദാബാദ് പോലീസ് തള്ളിയത് എന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.