ചണ്ഡിഗഢ്: ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണി പ്രീത് ഇന്‍സാനെതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ അക്രമം ആസൂത്രണം ചെയ്തെന്ന കേസിലാണ് ഹണിപ്രീതിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. ഹണിപ്രീതടക്കം 43 പേര്‍ക്കെതിരെയാണ് നോട്ടീസ്.

ഹണിപ്രീത് ഇന്‍സാന്‍, ദേര വക്താവ് ആദിത്യ ഇന്‍സാന്‍ എന്നിവരടക്കം ഇനിയും പിടികിട്ടാനുള്ള 43 പേര്‍ക്കെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഗുര്‍മീത് ജയിലിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഹണിപ്രീതിനു വേണ്ടി നേപ്പാള്‍ അതിര്‍ത്തിയിലടക്കം പൊലിസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും ഹരിയാന പൊലീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. ഇതിനായി മൊബൈല്‍, വാട്സ് അപ് നമ്പറുകള്‍, ഇ-മെയില്‍ വിലാസം എന്നിവയും നല്‍കിയിട്ടുണ്ട്. 

ഗുര്‍മീതിനെ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയ ഗുര്‍മീതിന്റെ രണ്ട് അനുയായികളെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആശ്രമത്തിലെ അന്തേവാസികളെ പീഡിപ്പിച്ചെന്ന കേസില്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് അനുയായികള്‍ തെരുവിലിറങ്ങിയത്. സി.ബി.ഐ കോടതി സ്ഥിതിചെയ്യുന്ന പഞ്ചകുലയിലും സമീപ പ്രദേശങ്ങളിലും ഇവര്‍ നടത്തിയ ആക്രമത്തില്‍ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ ദേരയുടെ ചെയര്‍പേഴ്‌സണ്‍ വിപാസനാ ഇന്‍സാന്‍ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.