പനജി: കടലിൽനിന്ന് കരയുണ്ടാക്കിയ പരശുരാമൻ മികച്ച എൻജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. പനജിയിൽ ‘എൻജിനീയേഴ്സ് ഡേ’യോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണെന്നാണു വിശ്വാസം. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളമെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. എൻജിനീയർമാരുടെ മികവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓർമിപ്പിച്ചു കൊണ്ടായിരുന്നു പരീക്കറിന്‍റെ പ്രസംഗം.
എൻജിനീയർമാരുടെ വിഭാഗത്തിലാണ് പരശുരാമന്‍റെയും സ്ഥാനം. ഹസ്തിനപുരവും പാണ്ഡവന്മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകൾ ആയിരക്കണക്കിനു വർഷങ്ങള്‍ക്കു മുൻപേ എഞ്ചിനീയറിംഗ് മികവുകളാണ്. എല്ലാത്തരം സാങ്കേതികതയും ഉപയോഗിച്ച് തയാറാക്കിയതായിരുന്നു അവയെല്ലാം. ഇന്ത്യയെ സംബന്ധിച്ച് എൻജിനീയറിങ് ഏറെ പഴക്കമുള്ള കലയും വൈദഗ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
