കോട്ടയ്ക്കല്‍:  മലപ്പുറം കോട്ടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയാക്കിയ ലോറി ഡ്രൈവർ പിടിയിൽ. ഫോൺ വഴിയുള്ള പരിചയം മുതലെടുത്താണ് ഇയാള്‍ പെൺകുട്ടിയെ കുടുക്കിയത്. സ്കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്.

മലപ്പുറം വേങ്ങര സ്വദേശിയായ മംഗലത്ത് ഷൈജുവിനെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങരയിലെ സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഷൈജു ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കോട്ടക്കലിലേക്ക് വിളിച്ചുവരുത്തി. പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്ന മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ സമീപിച്ചു. അധ്യാപകര്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ വിവരം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കോട്ടക്കല്‍ പൊലീസിനെയും സമീപിച്ചു. പെണ്‍കുട്ടി പരാതി നല്‍കിയ വിവരം ഷൈജു അറിഞ്ഞിരുന്നില്ല. ലോറിയില്‍ കോട്ടക്കലില്‍ എത്തിയപ്പോള്‍ എസ് ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.