തിരുവനന്തപുരം: ആറു ദിവസമായി നടത്തിവന്ന സമരത്തിൽ നിന്നും സംസ്ഥാന ലോറി ഓണേഴ്സ് ഫെഡറേഷൻ പിൻമാറി. ഉത്സവ സീസൺ കണക്കിലെടുത്ത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പിന്മാറ്റമെന്ന് നേതാക്കൾ വ്യക്തമാക്കി. എന്നാൽ ലോറി സമരം തുടരുമെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ അറിയിച്ചു. നാളെ മുതൽ ലോറികൾ തടഞ്ഞ് സമരം ശക്തപെടുത്താനും ഫെഡറേഷൻ തീരുമാനിച്ചു.
പാലക്കാട് ചേർന്ന കേരള ലോറി ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ചരക്ക് ലോറി സമരം പിൻവലിക്കാൻ തീരുമാനമായത്. ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വിഷു - ഈസ്റ്റർ ഉത്സവ സീസൺ കണക്കിലെടുത്ത് ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സമരത്തിൽ നിന്നുളള താൽക്കാലിക പിന്മാറ്റമെന്ന് നേതാക്കൾ അറിയിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് സമരം നടന്നിരുന്നത്. എന്നാൽ ആൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസുൾപ്പടെയുളള സംഘടനകൾ പ്രശ്നത്തിൽ രാജ്യവ്യാപക സമരം നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കും. ഇൻഷുറൻസ് വർധനവിന് ആനുപാതികമായി ചരക്ക് ലോറി വാടക വർധിപ്പിക്കാനും സംഘടന തീരുമാനിച്ചു. ഏപ്രിൽ 30നകം വർധനവ് നടപ്പിലാക്കും.
തമിഴ്നാട് സർക്കാരിനെ മാതൃകയാക്കി മോട്ടോർ വാഹന നികുതി വർധനവിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. എന്നാല്‍ സമരം തുടരാനാണ് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷന്‍റെ നിലപാട്.
അതേ സമയം ആറു ദിവസമായി തുടരുന്ന ലോറി സമരം മൂലം അവശ്യ സാധനങ്ങള്‍ വിപണിയിലെത്തുന്നത് കുറഞ്ഞു. സമരം തുടര്‍ന്നാല്‍ പച്ചക്കറി, പഴ വർഗ്ഗങ്ങൾക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും വിലയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ലോറി സമരം നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ബല്യം ഉണ്ടാക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് കിട്ടുന്നത്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലെത്തുന്ന പച്ചക്കറികള്‍ക്കാണ് വിപണിയില്‍ വിലകൂടിയിരിക്കുന്നത്. തക്കാളിക്ക് ഒരാഴ്ചക്കിടെ കൂടിയത് അഞ്ച് രൂപ,പച്ച മുളകിന് വില നൂറിനോടടുത്തു. സമരം തുടര്‍ന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സവോള, ഉരുളക്കിഴങ്ങ്,കാബേജ് ,കാരറ്റ് തുടങ്ങിയവക്കൊക്കെ വില ഉയരുമെന്നാണ് ആശങ്ക. വേനല്‍ക്കാലമായതിനാല്‍ പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പഴവിപണിയേയും സമരം ബാധിച്ച് തുടങ്ങി.
തമിഴ്നാട്ടില്‍ ലോറി സമരം പിന്‍വലിച്ചത് വ്യാപാരികളില്‍ ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. പലവ്യഞ്ജനങ്ങള്‍ക്ക് ഇപ്പോള്‍ വിലകൂടിയിട്ടില്ല.ലോറിസമരം അനിശ്ചിതമായി നീണ്ടാല്‍ പലവ്യഞ്‍ജന വിപണിയേയും ബാധിക്കുമെന്നാണ് ആശങ്ക.
