വൈദ്യുതി പുനസ്ഥാപിക്കാനാവാത്തതും മലിനജലം കയറിയ കിണറുകൾ ശുചീകരിക്കാൻ വൈകുന്നതുമാണ് ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി

പത്തനംതിട്ട: പ്രളയം സർവനാശം വിതച്ച അപ്പർ കുട്ടനാട്, ആറൻമുള മേഖലകളിലെ ദുരിത ബാധിതർക്ക് ക്യാംപുകളിൽ നിന്ന് എന്ന് മടങ്ങാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. സ്കൂളുകൾ തുറന്നാലും ക്യാംപുകൾ തുടരേണ്ട സാഹചര്യമാണുള്ളതെന്ന് ആറൻമുള എംഎൽഎ വീണ ജോർജ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആറൻമുള വല്ലന ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാoപിലുള്ളവർ ഓണസദ്യയ്ക്ക് ഇന്നലെ സര്‍ക്കാരിന് അടിയന്തര അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ്. ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയ്ക്കായുള്ള അപേക്ഷകളാണ് ഏറെയും. വീട്ടുപകരണങ്ങളടക്കം സകലതും നഷ്ടമായ ഇവർക്ക് എല്ലാം ഇനി ഒന്നിൽ നിന്ന് തുടങ്ങണം.

വൈദ്യുതി പുനസ്ഥാപിക്കാനാവാത്തതും മലിനജലം കയറിയ കിണറുകൾ ശുചീകരിക്കാൻ വൈകുന്നതുമാണ് ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി.

പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ടെങ്കിലും ശുചീകരണം എങ്ങുമെത്തിയിട്ടില്ല. പാണ്ടനാട് മേഖലയിൽ 20 ശതമാനം വരെ വീടുകൾ പൂർണമായും തകർന്ന നിലയിലാണ്. ഭാഗീകമായ തകർന്ന വീടുകളാണ് ഭൂരിഭാഗവും. എടത്വ, തലവടി മേഖലകളിലാകട്ടെ പല വീടുകളും ഇപ്പോഴും വെള്ളത്തിലുമാണ്.