കോട്ടയം: അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തില്‍ എല്ലായിടത്തും താമര വിരിയുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് വെങ്കയ്യ നായിഡു അവകാശപ്പെട്ടു.
എങ്ങും മോദി അനുകൂല വികാരമാണ്. ഇരു മുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടിനെ മറികടന്ന് അടുത്ത തിരഞ്ഞെടുപ്പോടെ ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്തും. രാജഗോപാലിന്റെ വിജയം മികച്ച തുടക്കമാണ്. അച്ഛനെ ഉപേക്ഷിച്ച മകന്‍ മറ്റൊരു മകനുമായി കൂട്ടു കൂടുന്നുവെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശിലെ എസ്.പി കോണ്‍ഗ്രസ് സഖ്യത്തെ വെങ്കയ്യ നായിഡു പരിഹസിച്ചു.
സാംസ്കാരിക നായകരെ വിമര്‍ശിക്കുന്നതാണ് യോഗത്തില്‍ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയം. സാംസ്കാരിക നായകര്‍ സി.പി.എം അക്രമങ്ങളോട് മൗനം പാലിക്കുന്നതിനെതിരെയാണ് രാഷ്‌ട്രീയ പ്രമേയത്തില്‍ വിമര്‍ശനം. അവാര്‍ഡുകള്‍ക്കും പുരസ്കാരങ്ങള്‍ക്കുമായി മനുഷ്യത്വവും ധാര്‍മികതയും പണയപ്പെടുത്തുന്ന സാംസ്കാരിക നായകരുടെ നീതി ബോധം സാംസ്കാരിക കേരള വിലയിരുത്തണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
എം.ടിക്കും കമലിനും എതിരായ വിമര്‍ശനം പ്രമേയത്തില്‍ ഉള്‍പ്പെടുത്താതെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന സാസ്കാരിക പ്രവര്‍ത്തകരായാകെ വിമര്‍ശിക്കുന്ന സമീപനമാണ് പ്രമേയത്തില്‍. മുഖ്യമന്ത്രിയുടെ ഇരട്ട നീതിയാണ് ഐ.എ.എസ് ചേരിതിരിവിന് കാരണം. കേരള അഡ്മിനിസ്‍ട്രേറ്റിവ് സര്‍വീസ് രൂപീകരണത്തിന് നിന്ന് പിന്‍മാറണം. റേഷന്‍, ദളിത് വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് ബി.ജെ.പി രാഷ്‌ട്രീയ പ്രമേയം.
