തന്നെക്കാള്‍ ഇളയ യുവാവുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു

മൈസൂര്‍: തന്നെക്കാള്‍ ഇളയ യുവാവുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു. കാമുകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. കര്‍ണ്ണാടകയിലെ ഹൊന്‍സൂര്‍ താലൂക്കിലെ ഗാവഡഗരെയിലാണ് നാടിനെ നടുക്കിയ സംഭവം. കെആര്‍ ജമുന എന്ന ഇരുപത്തിയെട്ടുകാരിയും, ദിലീപ് എന്ന ഇരുപതുകാരനും കുറച്ചുകാലമായി പ്രണയബന്ധത്തിലായിരുന്നു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ജമുന വിവാഹിതയാണ്. ഭര്‍ത്താവില്‍ നിന്നും അകന്ന് താമസിക്കുന്ന ഇവര്‍ ഇരുപത് വയസുകാരനായ ദിലീപുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. 

എന്നാല്‍ ദിലീപിന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ബോധ്യമായതോടെ ഇരുവരും ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ജമുന ഗാവഡഗരെയില പെട്രോള്‍ പമ്പിനടുത്ത് തൂങ്ങി മരിക്കുകയായിരുന്നു. ജമുന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

ദിലീപ് വിഷ വിത്തുകള്‍ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇയാളെ കാണുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.