Asianet News MalayalamAsianet News Malayalam

കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

സുറുമി മുസ്ലിം സമുദായത്തിലും മനും ഹിന്ദു സമുദായത്തിലും പെട്ടവരാണ്. അതിനാല്‍ വിവാഹത്തിന് ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നുറപ്പുണ്ടായിരുന്നു. ബന്ധുക്കള്‍ തങ്ങള്‍ വിവാഹം കഴിക്കുന്നു എന്നറിഞ്ഞ് പ്രശ്‌നം ഉണ്ടാക്കുമോ എന്ന ഭയത്തിലാവാം ആത്മഹത്യ എന്നും പൊലീസ് പറയുന്നുണ്ട്

lovers suicide after register marriage
Author
Kerala, First Published Oct 12, 2018, 10:09 AM IST

ചാത്തന്നൂര്‍: ഇത്തിക്കര കൊച്ചുപാലത്തില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്‌ലാറ്റില്‍ സുറുമി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. ഫയര്‍ ആന്‍റ് റെസ്ക്യൂവിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിച്ചത്. ഇവരുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ചാത്തന്നൂര്‍ എസിപി ജവാഹര്‍ ജനാര്‍ദ് പറഞ്ഞു ബുധന്‍ രാത്രിയാണ് ഇരുവരും ആറ്റില്‍ ചാടിയത്.

രണ്ടുപേര്‍ ആറ്റില്‍ ചാടിയെന്ന സംശയത്താല്‍ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പാലത്തിനടുത്തു സ്റ്റാര്‍ട്ടാക്കിയ നിലയില്‍ സ്‌കൂട്ടറും കണ്ടെത്തി. മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, വിവാഹം റജിസ്‌ട്രേഷനു പണം അടച്ചതിന്‍റെ രസീത്, 3,000 രൂപ എന്നിവ സ്‌കൂട്ടറില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇതര മതസ്ഥരായതിനാല്‍ ബന്ധുക്കള്‍ ഇവരെ ജീവിക്കാനനുവദിക്കില്ല എന്ന ചിന്തയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

സുറുമിയുടെ ഭര്‍ത്താവ് വിഷ്ണു രണ്ട് വര്‍ഷം മുന്‍പ് നടന്ന പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശേഷം ഭര്‍ത്താവിന്‍റെ സുഹൃത്തായിരുന്ന മനുവുമായി അടുപ്പത്തിലായി. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം ആര്‍ക്കും അറിയില്ലായിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തുവാന്‍ ഇവര്‍ കൊല്ലം രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ഫീസും അടച്ചിരുന്നു. അതിന് ശേഷം പെട്ടെന്ന് ഇവര്‍ ആത്മഹത്യ ചെയ്തത് ബന്ധുക്കളുടെ എതിര്‍പ്പാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

ബുധനാഴ്ച രാത്രി പത്തുമണിയോടെ ഇത്തിക്കരയാറിന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ഇവര്‍ ആറ്റിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട് വഴിയാത്രക്കാര്‍ വിവരം പോലീസിനെ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാത്രിയില്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചില്‍ നിര്‍ത്തി രാവിലെ വീണ്ടും ആരംഭിച്ചപ്പോള്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് കമിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പെയിന്റിങ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ചുരുക്കം ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കൊണ്ടുപോയതാകാമെന്നാണ് പോലീസ് നിഗമനം. ബന്ധുക്കളില്‍ ആരോ ഒരാള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവരം അറിഞ്ഞിരുന്നതായും പറയപ്പെടുന്നുണ്ട്.

സുറുമി മുസ്ലിം സമുദായത്തിലും മനും ഹിന്ദു സമുദായത്തിലും പെട്ടവരാണ്. അതിനാല്‍ വിവാഹത്തിന് ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നുറപ്പുണ്ടായിരുന്നു. ബന്ധുക്കള്‍ തങ്ങള്‍ വിവാഹം കഴിക്കുന്നു എന്നറിഞ്ഞ് പ്രശ്‌നം ഉണ്ടാക്കുമോ എന്ന ഭയത്തിലാവാം ആത്മഹത്യ എന്നും പൊലീസ് പറയുന്നുണ്ട്. സുറുമിയുടെ മകന്‍: വൈഷ്ണവ്.

Follow Us:
Download App:
  • android
  • ios