അബുദാബി: അബുദാബിയില്‍ പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിനാണ് വില കുറച്ചിരിക്കുന്നത്. അഡ്‌നോക് ആണ് പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചതായി പ്രഖ്യാപിച്ചത്. അബുദാബിയിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള അഡ്‌നോക്കിന്റെ എല്ലാ കേന്ദ്രങ്ങളിലും പുതുക്കിയ വില നിലവില്‍ വരും. 25 പൗണ്ട് സിലിണ്ടറിന് മൂന്ന് ദിര്‍ഹം കുറച്ച് 43 ദിര്‍ഹമായിരിക്കും പുതിയ വില. നേരത്തേ ഇത് 46 ദിര്‍ഹമായിരുന്നു. 50 പൗണ്ട് സിലിണ്ടറിന് 86 ദിര്‍ഹമായും വില കുറച്ചിട്ടുണ്ട്. നേരത്തെ 92 ദിര്‍ഹം നല്‍കണമായിരുന്നു. സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. അതേസമയം റഹാല്‍ ഇഗ്യാസ് കാര്‍ഡ് ഉള്ളവര്‍ക്ക് അഡ്‌നോക് സബ്‌സിഡി നല്‍കുന്നുണ്ട്. 25 പൗണ്ട് സിലിണ്ടറിന് വെറും 20 ദിര്‍ഹവും 50 പൗണ്ട് സിലിണ്ടറിന് 30 ദിര്‍ഹവുമാണ് ഇത്തരക്കാരില്‍ നിന്നും ഈടാക്കുന്നത്. പാചക വാതക സിലിണ്ടറുകള്‍ക്കുള്ള അടുത്ത ഒരു മാസക്കാലത്തെ വിലയാണ് അഡ്‌നോക് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മാസവും പത്തിന് ഇത്തരത്തില്‍ വില നിശ്ചയിക്കാനാണ് അധികൃതരുടെ തീരുമാനം.