ലക്നൌ: ദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ പിതാവും മകനും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെദലാൽ ശർമ (55)നെയും മകനായ പ്രേം ലാൽ(21) എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലക്നൌലെ ബറേലിയിലാണ് സംഭവം. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട അനിത (17) നാട്ടിലെ ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു.

ഈ ബന്ധത്തിൽ നിന്നും പെൺകുട്ടിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാലാണ് പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയത്. വിവരം അറിഞ്ഞ് പൊലീസ് വീട്ടിൽ എത്തിയപ്പോഴെക്കും പെൺകുട്ടിയുടെ ശരീരം ഇവർ കത്തിച്ചുകഴിഞ്ഞിരുന്നു. കത്തിച്ച ശരീര ഭാഗങ്ങൾ പൊലീസ് ഫോറൻസിക് പരിശോധനക്കായി അയച്ചു.

പനി വന്ന് മരിച്ചുവെന്നാണ് പ്രതികൾ ആദ്യം മൊഴി നൽകിയത്. എന്നാൽ രണ്ട് ദിവസം മുമ്പ് കാമുകനുമായി റോഡിനരികിൽ സംസാരിച്ചിന് പെൺകുട്ടിയെ ചെദലാൽ ശർമ മർദ്ദിച്ചതായി നാട്ടുകാർ മൊഴി നൽകി. കൂടാതെ ചെദലാൽ ശർമയുടെ 19 വയസ്സുളള ഇളയ മകൻ്റെ മൊഴിയിൽ നിന്നും നിർണായിക തെളിവുകൾ പൊലീസിന് ലഭിച്ചു. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.