ഫെെനല്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൊയേഷ്യന്‍ ടീം
മോസ്കോ: കൃത്യം 20 വര്ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ക്രൊയേഷ്യന് ടീം ലോകകപ്പിന്റെ സെമിയില് എത്തുന്നത്. 1998ല് ഫ്രാന്സില് മൂന്നാം സ്ഥാനക്കാരായതാണ് ടീമിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. അതില് പിന്നെ നിര്ഭാഗ്യത്തിന്റെ കളിത്തട്ടില് വീണ് പോകാനായിരുന്നു ക്രൊയേഷ്യന് ടീമിന്റെ വിധി.
വീണ്ടുമൊരിക്കല് കൂടി അവസാന നാലില് എത്തി നില്ക്കുമ്പോള് തങ്ങളുടെ മുന്ഗാമികളേക്കാള് നേട്ടം സ്വന്തമാക്കാന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യന് നായകന് ലൂക്ക മോഡ്രിച്ച്. 20 വര്ഷത്തിന് ശേഷമുള്ള ഈ നേട്ടം ഞങ്ങളെ സന്തോഷിപ്പിക്കുകയും അഭിമാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദുര്ഘടമായ പാതയായിരുന്നു ഞങ്ങളുടേത്.
മുന് ടൂര്ണമെന്റുകളില് നിര്ഭാഗ്യം ഞങ്ങളെ പിടികൂടി. അതിന്റെ കടങ്ങളെല്ലാം വീട്ടുകയാണ് ഈ വര്ഷം. 1998നേക്കാള് ഒരുപടി കൂടുതല് ഈ വര്ഷം മുന്നേറാന് സാധിക്കുമെന്നാണ് വിശ്വാസം. മികച്ച സംഘമാണ് ഞങ്ങളുടേത്. അതേസമയം ഇത്തവണ ബാലന് ഡി ഓര് നേടുന്നതിനെ പറ്റി മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ഇപ്പോള് മനസില് പോലുമില്ലെന്നാണ് മോഡ്രിച്ച് പറയുന്നത്.
ദേശീയ ടീമിന്റെ വിജയം മാത്രമാണ് ഇപ്പോള് മുന്നിലുള്ളത്. വ്യക്തിഗതമായ നേട്ടങ്ങള്ക്ക് പ്രാധാന്യം കൊടുക്കുന്നില്ല. തിരിച്ച് നാട്ടിലേക്ക് പോകുമ്പോള് ഒരു മെഡല് കഴുത്തില് വേണമെന്നാണ് ആഗ്രഹം. ക്വാര്ട്ടറില് റഷ്യ മികച്ച രീതിയിലാണ് കളിച്ചത്. ആദ്യപകുതിയില് അവര് ഞങ്ങളെ അത്ഭുതപ്പെടുത്തി. കളിക്കാന് കഴിയാത്ത ഒരു അവസ്ഥ അവരുണ്ടാക്കിയെടുത്തു.
പക്ഷേ, രണ്ടാം പകുതിയിലും എക്സ്ട്രാ ടെെമിലും ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു കളിയെന്നും റയല് മാഡ്രിഡ് താരമായ മോഡ്രിച്ച് പറഞ്ഞു. ലോകകപ്പില് നേട്ടമുണ്ടാക്കാനായാല് ഇത്തവണത്തെ ബാലന് ഡി ഓര് നേടാന് ഏറ്റവും സാധ്യതയുള്ള താരമായായി മോഡ്രിച്ച മാറും. റയല് മാഡ്രിഡിന്റെ ഹാട്രിക് കിരീട വിജയത്തിലും നിര്ണായകമായത് മധ്യനിരയിലെ ക്രൊയേഷ്യന് താരത്തിന്റെ പ്രകടനമായിരുന്നു.
