ബാങ്കോക്ക്: നഗരങ്ങളിലെ കൊതുകുശല്യത്തെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്, എന്നാല്‍ ആ രീതിയില്‍ പാമ്പുകള്‍ ഒരു നഗരത്തെ കീഴടക്കിയാലോ. തായ്ലാന്‍റിലെ ബാങ്കോക്കിലാണ് സംഭവം. ഇവിടുത്തെ അഗ്നിശമന രക്ഷസേനയ്ക്ക് ഇപ്പോള്‍ പാമ്പുകളെ പിടികൂടി സമയം ഒഴിയുന്നില്ല. ഈ വര്‍ഷം ഇതുവരെ ഇവര്‍ പിടികൂടിയത് 31081 പാമ്പുകളെയാണ്. അതായത് ഒരു ദിവസം  110 പാമ്പുകളെ വരെ.  175 പാമ്പുകളെ വരെ പിടികൂടിയ ദിവസവുമുണ്ട് ബാങ്കോക്ക് രക്ഷസേന അധികൃതര്‍ പറയുന്നു.

എന്നാല്‍ ഈ കണക്ക് ഔദ്യോഗികമായുള്ളതാണ്. അതേ സമയം ബാങ്കോക്ക് നിവാസികള്‍ സ്വയം പിടികൂടിയതും, കൊന്നതുമായ പാമ്പുകള്‍ ആയിരക്കണക്കിനു വരുമെന്നാണ് സത്യം. അനിയന്ത്രിതമായ നഗരവികസനമാണ് പാമ്പുകളുടെ ശല്യം കൂടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് കോബ്രാ സ്വാംപ് എന്ന് അറിയപ്പെട്ടിരുന്ന പാമ്പുകളുടെ ആവാസസ്ഥലങ്ങളായ ചതുപ്പുകള്‍ അതിവേഗം നികത്തപ്പെടുകയാണ് ബാങ്കോക്കില്‍.

മിക്കപ്പോഴും പാമ്പുകളെ കണ്ടെത്തുന്നത് ടോയ്‌ലറ്റിന്റെ ഉള്ളില്‍ നിന്നാണെന്നതാണ് മറ്റൊരു പ്രതിസന്ധി. ഒരാഴ്ചക്കിടെയിൽ പനാറത്ത് ചയ്യാബൂന്‍ എന്ന സ്ത്രീയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയതു രണ്ട് തവണയാണ്. ആദ്യം ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കെവേ ക്ലോസറ്റില്‍ നിന്നു കയറി വന്ന പാമ്പ് പനാറത്തിന്റെ തുടയില്‍ കടിക്കുകയായിരുന്നു. 

പാമ്പിന്റെ പല്ല് ആഴത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനു ശേഷം ഇതേ ടോയ്‌ലറ്റില്‍ നിന്നുതന്നെ മറ്റൊരു പാമ്പിനെക്കൂടി അഗ്നിശമനസേനാ വിഭാഗത്തിന് പുറത്തെടുക്കേണ്ടി വന്നു. ഓരോ വര്‍ഷവും കണ്ടെത്തുന്ന പാമ്പുകളുടെ എണ്ണം വർധച്ചു വരുന്നത് ആശങ്ക പടർത്തിയിട്ടുണ്ട്. 2012ല്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത പാമ്പുകളുടെ മൂന്നിരട്ടി പാമ്പുകളെയാണ് ഈ വര്‍ഷം പിടികൂടിയത്. 

ഈ വര്‍ഷം കനത്ത മഴയാണ് ബാങ്കോക്കില്‍ അനുഭവപ്പെട്ടത്. വെള്ളക്കെട്ടു വർധിച്ചതാണ് പാമ്പുകള്‍ വീടുകള്‍ക്കുള്ളില്‍ അഭയം പ്രാപിക്കാൻ കാരണമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ  വിലയിരുത്തല്‍. എന്തായാലും പാമ്പിനെ പേടിച്ച് വീട്ടിൽ പോലും സമാധാനത്തോടെ ഇരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ബാങ്കോക്ക് നിവാസികൾ.