നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയില്‍  ആഡംബരക്കപ്പല്‍ തുറമുഖത്തേയ്ക്ക് ഇടിച്ചുകയറി 65000 ടണ്ണിലേറെ ഭാരമുള്ള കപ്പലാണ് അപകടത്തില്‍പെട്ടത് 

നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര കപ്പല്‍ തുറമുഖത്തേയ്ക്ക് ഇടിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും. ഹോളിവുഡ് സിനിമകളുടേതിന് സമാനമായ സംഭവങ്ങള്‍ക്കാണ് ഹോണ്ടുറാസിലെ റോട്ടന്‍ തുറമുഖം സാക്ഷിയായത്. 65000 ടണ്ണിലേറെ ഭാരമുള്ള എം എസ് സി അര്‍മോണിയ എന്ന ക്രൂയിസ് കപ്പലാണ് അപകടത്തില്‍പെട്ടത്. 

നങ്കൂരമിടുന്നതിനിടയില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കപ്പല്‍ തുറമുഖം തകര്‍ത്ത് സമീപമുള്ള കെട്ടിടങ്ങളിലേയ്ക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

തുറമുഖത്തിന് സമീപമുണ്ടായിരുന്ന ഹോട്ടലിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ ഹോട്ടലിന് മുന്നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയ ശേഷമായിരുന്നു കപ്പല്‍ നിന്നത്.

കൂറ്റന്‍ കപ്പലിന്റെ നിയന്ത്രണം വിട്ട വരവില്‍ തുറമുഖത്ത് കപ്പലിലേക്ക് ആളുകള്‍ക്ക് കയറാനും ഇറങ്ങാനുമായി നിര്‍മിച്ച സംവിധാനങ്ങള്‍ എല്ലാം തകര്‍ന്നു. 2700 യാത്രക്കാരും 700 ജീവനക്കാരുമാണ് അപകടസമയത്ത് കപ്പലില്‍ ഉണ്ടായിരുന്നത്.