ലോകകപ്പിന്‍റെ അരങ്ങേറ്റ മത്സരവും നടന്നത് മോസ്കോയിലെ ലൂഷ്നിക്കിയില്‍

മോസ്കോ: ഭാഗ്യ നിർഭാഗ്യങ്ങളുടെ ദീ‍ർഘചതുരക്കളത്തിൽ ഇനി രണ്ടു കൂട്ടര്‍ മാത്രം. വർണ വർഗ ദേശാതിർത്തികൾ അലിഞ്ഞില്ലാതായി ലോകം കാല്‍പ്പന്തിലേക്ക് ചുരുങ്ങിയ കാലത്തിന് ഇന്ന് വിടപറയേണ്ടി വരും. ആത്മനൊമ്പരത്തോട് കൂടിയാണെങ്കിലും ലൂഷ്നിക്കി അതിന് ഒരുങ്ങി കഴിഞ്ഞു. 

മൂന്ന് മുന്‍ ചാമ്പ്യന്മാര്‍ക്ക് കാലിടറിയ ലുഷ്നിക്കിയില്‍ ഫ്രാന്‍സ് കിരീടം ഉയര്‍ത്തുമോ അതോ ഒരു നവയുഗ പിറവിക്ക് കളം ഒരുങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ ഇച്ഛാശക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു 1956ല്‍ ലുഷ്നിക്കി സ്റ്റേഡിയം.

മോസ്കോയിലെ നദീ തീരത്ത് 450 ദിവസം കൊണ്ട് പൂര്‍ത്തിയായ നിത്യവിസ്മയം. 1980 ലെ ഒളിമ്പിക്സ്, 1999ലെ യുവേഫ കപ്പ് ഫൈനല്‍ 2008ലെ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം. ഇവിടെ അരങ്ങേറിയ ചരിത്രങ്ങള്‍ ഓര്‍മ പുസ്കത്തില്‍ തിളങ്ങി നില്‍ക്കുന്നു. ഒരു മാസം മുമ്പ് വരെ ലുഷ്നിക്കിയെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയായിരുന്നു.

പക്ഷേ, ഇനിയങ്ങോട്ട് ഭൂഗോളത്തോളം വളര്‍ന്ന പന്തിനെ നെഞ്ചോടു ചേര്‍ത്ത ലൂഷ്നിക്കിയെന്ന് അറിയപ്പെടും. ജൂണ്‍ 14 ന് സൗദിക്കെതിരെ ആതിഥേയരുടെ ഗോൾ വര്‍ഷത്തോടെയാണ് ലുഷ്നിക്കി ലോകത്തിന് മുന്നില്‍ മിഴി തുറന്നത്. ചാമ്പ്യന്മരായ ജര്‍മനി മെക്സിക്കോയോട് അടിതെറ്റി വീണതും ഇവിടെ തന്നെ.

പ്രീക്വാര്‍ട്ടറില്‍ സ്പെയിന്‍ സെമിയില്‍ ഇംഗ്ലണ്ട്, അങ്ങനെ ലുഷ്നിക്കിയില്‍ വീണത് മൂന്ന് മുന്‍ ചാമ്പ്യന്മാരാണ്. സെമിയിലെ മിന്നും ജയത്തിന്‍റെ ഓര്‍മയുമായാണ് ക്രൊയേഷ്യ വീണ്ടും ലുഷ്നിക്കിയില്‍ വരുന്നത്. ഫ്രാന്‍സാകട്ടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇവിടെ ഡെന്മാര്‍ക്കിനോട് സമനില വഴങ്ങിയിരുന്നു