ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ, കലാ സാഹിത്യ മേഖലയില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ആ പ്രിയ സാഹിത്യകാരന്റെ വിയോഗം സൃഷ്ടിച്ച വിടവ് വലുതാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
പുനത്തിലിന്റെ മരണം വ്യക്തിപരമായ നഷ്ടമാണ്. വളരെ നീണ്ട ഒരു ബന്ധമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അതെല്ലാം ഇപ്പോള്‍ ഓര്‍ത്തെടുക്കുക അനുചിതമാണെന്ന് എം എ ബേബി. പ്രസാദാത്മകമായ എഴുത്ത് ശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും എം എ ബേബി സ്മരിച്ചു. അവസാന നാളുകളില്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ആ പ്രസാദാത്മകത പുനത്തിലിന് ഉണ്ടായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തില്‍ പലരും തുറന്ന പറയാന്‍ മടിച്ചിരുന്ന കാര്യങ്ങളും തുറന്ന് പറയാന്‍ പുനത്തില്‍ മടി കാണിച്ചിരുന്നില്ല.
പുതുതലമുറയിലെ എഴുത്തുകാരെ ഏറെ പ്രോല്‍സാഹിപ്പിച്ചിരുന്ന ആളായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. പുതിയ എഴുത്ത് രീതികളെ സ്വാഗതം ചെയ്യാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. നീ ആടിനെ വിറ്റ് നല്ല ലാഭമുണ്ടാക്കീലേ അതുകൊണ്ട് ഞാന്‍ ആടിനെ മേടിക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പലപ്പോഴും തമാശ രീതിയില്‍ പറയുമായിരുന്നെന്നും ബെന്യാമിന്‍ സ്മരിച്ചു. വ്യക്തിപരമായി ഏറെ അടുപ്പമുള്ള എഴുത്തുകാരനെയാണ് നഷ്ടമായതെന്നും ബെന്യാമിന്‍ പറഞ്ഞു.
അപ്രിയ സത്യങ്ങള്‍ തുറന്ന് പറയാന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മടിച്ചിരുന്നില്ലെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. കലാരംഗത്ത് പിന്തുടര്‍ന്നിരുന്ന സദാചാര രീതികളെ അടിമുടി മാറ്റി മറിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കൃതികള്‍ക്കായി കാത്തിരിന്നിട്ടുണ്ടെന്നും കാരശ്ശേരി സ്മരിച്ചു.
