Asianet News MalayalamAsianet News Malayalam

എം.ഐ. ഷാനവാസിന് വിട; മൃതദേഹം സംസ്ഥാനബഹുമതികളോടെ സംസ്കരിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും ലോക്സഭാംഗവുമായ എം.ഐ. ഷാനവാസിന്‍റെ മൃതദേഹം സംസ്കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാനബഹുമതികളോടെ സംസ്കാരം നടന്നത്. 

m i shanavas mp funeral
Author
kochi, First Published Nov 22, 2018, 11:23 AM IST

 

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും ലോക്സഭാംഗവുമായ എം.ഐ. ഷാനവാസിന്‍റെ മൃതദേഹം സംസ്കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാനബഹുമതികളോടെ സംസ്കാരം നടന്നത്. 

കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ്(67) ഇന്നലെ പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആർ.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. എകെ ആന്‍റണിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ ടൗൺഹാളിലെത്തിയിരുന്നു. 

2009ലും 2014ലും വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ എംഐ ഷാനവാസ് സംസ്ഥാന കോണ്‍ഗ്രസിലെ മികച്ച സംഘാടകനായിരുന്നു. കെഎസ്‍യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോണ്‍ഗ്രസിലെ കലുഷിതമായ ഗ്രൂപ്പ് യുദ്ധ കാലഘട്ടങ്ങളിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്നു. സഹപ്രവര്‍ത്തകര്‍ ഷാജിയെന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഷാനവാസിനെ എന്നും കോണ്‍ഗ്രസിലെ അടിയൊഴുക്കുകളെ നിയന്ത്രിച്ചിരുന്ന തന്ത്രശാലിയായാണ് രാഷ്ട്രീയ കേരളം കണ്ടത്. 

ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്‍റെ രാഷ്ട്രീയ ഉദയത്തെ ചോദ്യം ചെയ്ത് രൂപംകൊണ്ട തിരുത്തല്‍വാദി സംഘത്തിലെ പ്രധാനിയായിരുന്നു. രമേശ് ചെന്നിത്തലക്കും ജി കാര്‍ത്തികേയനുമൊപ്പം കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ശബ്ദമായിരുന്ന ഷാനവാസ് പതിറ്റാണ്ടുകളോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ട്ടി നിലപാടുകളെ ന്യായീകരിച്ചും വിമര്‍ശനങ്ങളെ പ്രതിരോധിച്ചും എംഐ ഷാനവാസ് അവസാന നാളുകള്‍വരെ പൊതു രംഗത്ത് സജീവമായിരുന്നു. മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലും ദേശീയ തലത്തിലും എംഐ ഷാനവാസ് ശ്രദ്ധേയനായിരുന്നു. 

 

Follow Us:
Download App:
  • android
  • ios