കെ.എം.ഷാജിക്ക് നിയമസഭയില്‍ കയറാന്‍ പറ്റില്ലെന്ന സ്പീക്കറുടെ പരാമര്‍ശം ഖേദകരമെന്ന് എം.കെ.മുനീര്‍. സ്പീക്കര്‍ അമിതാവേശം കാണിച്ചോയെന്ന് സംശയം. ഷാജിയെ നിയമസഭയില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് കൊടുത്തിട്ടില്ലെന്ന് മുനീര്‍.
തിരുവനന്തപുരം: കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന സ്പീക്കറുടെ പരാമര്‍ശം ഖേദകരമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. സ്പീക്കറിന്‍റേത് അമിതാവേശം കൊണ്ടുള്ള എടുത്തുചാട്ടമെന്നും എം.കെ.മുനീർ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാഷയിലാണ് സ്പീക്കർ സംസാരിച്ചതെന്നും എം.കെ.മുനീർ തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി.
വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം. കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.എം.ഷാജി പറഞ്ഞു.
കേസ് വേഗം പരിഗണിക്കണമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങൾ. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചു. കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്താൻ തടസമുണ്ടാകില്ലെന്നും എന്നാൽ കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ലെന്നും കോടതി പറഞ്ഞു. ഉത്തരവൊന്നും ഇറക്കാതെ വാക്കാൽ തെരഞ്ഞെടുപ്പ് കേസിലെ സാധാരണ നടപടിക്രമങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിശദീകരിക്കുക മാത്രമാണ് ചെയ്തത്.
വാക്കാൽ പരാമര്‍ശം ഉത്തരവായി കണക്കാക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ കേസ് സുപ്രീംകോടതി പരിഗണിച്ച് ഇടക്കാല ഉത്തരവ് ഇറങ്ങുന്നതുവരെ കെ.എം.ഷാജിക്ക് കാത്തിരിക്കേണ്ടിവരും. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ്കുമാര്‍ നൽകിയ ഹര്‍ജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്.
