രക്തസമ്മർദം ക്രമാതീതമായി കുറയുന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. മക്കളും  ചെറുമക്കളുമടക്കം ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിലെത്തി. അൽപസമയത്തിനകം ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.  ചെന്നൈ നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആശുപത്രി പരിസരം ഡി.എം.കെ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവഗുരുതരമായി തുടരുന്നു. രക്തസമ്മർദം ക്രമാതീതമായി കുറയുന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. മക്കളും ചെറുമക്കളുമടക്കം ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിലെത്തി. അൽപസമയത്തിനകം ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ചെന്നൈ നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആശുപത്രി പരിസരം ഡി.എം.കെ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി ഒ പളനിസ്വാമി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചു.

കരുണാനിധിയുടെ രക്തസമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അണുബാധ തടയാനായിട്ടില്ല. ഇത് കരളിന്‍റേയും വൃക്കയുടേയും പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നാണ് സൂചന. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കരുണാനിധിയുടെ രക്തസമ്മർദ്ദത്തില്‍ മാത്രമാണ് മാറ്റമുണ്ടായിരിക്കുന്നത്. ഉച്ചക്കാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവർണർ ബൻവാരിലാല്‍ പുരോഹിതിനൊപ്പം കരുണാനിധിയെ കണ്ടത്. കരുണാനിധിയെ കാണാൻ ഇത് ആദ്യമായാണ് തീവ്രപരിചരണ വിഭാഗത്തിനുള്ളിലേക്ക് സന്ദർശകരെ അനുവദിക്കുന്നത്.

കരുണാനിധി വെൻറിലേറ്ററിലാണെന്ന അഭ്യൂഹം തള്ളിക്കളയുന്നതായിരുന്നു ഇന്ന് ഉച്ചയ്ക്ക് പുറത്തുവന്ന ചിത്രം. ഇന്ന് സീതാറാം യെച്യൂരി, ഡി രാജ തുടങ്ങി നിരവധി പ്രമുഖർ കരുണാനിധിയെ കാണാൻ ആശുപത്രിയിലെത്തി. അതേസമയം ഇപ്പോഴും ആശുപത്രി പരിസരത്തേക്ക് കൂടുതല്‍ പ്രവർത്തകർ വന്നുകൊണ്ടിരിക്കുകയാണ്.