ഹൈറേഞ്ചുകാരുടെ മണിയാശാന്‍ ഇനി മന്ത്രി. സംസ്ഥാനത്ത് ഏറ്റവുമധികം കാലം സിപിഎം ജില്ലാ സെക്രട്ടറിയായിട്ടിരുന്ന, സംസ്ഥാനസെക്രട്ടറിയേറ്റ് അംഗവുമായ മണിയാശാന് പാര്‍ട്ടിയുടെ അംഗീകാരമെന്നോണമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കുന്നത്. ഇ പി ജയരാജന്‍ രാജിവച്ച ഒഴിവിലാണ് എം എം മണി മന്ത്രിസഭയിലേക്ക് എത്തുന്നത്. വൈദ്യുതവകുപ്പായിരിക്കും മുണ്ടയ്ക്കൽ മാധവൻ മണി എന്ന എം എം മണിക്ക് ലഭിക്കുക.

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടയ്ക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടെയും ഒന്നാമത്തെ മകനായി 1945ൽ ജനനം. ദാരിദ്ര്യം കാരണം സ്കൂൾ പഠനം നിർത്തി തോട്ടം ജോലിക്കു പോയി. അവർക്കിടയിൽ പ്രവർത്തിച്ച് ചെറിയ പ്രായത്തിൽതന്നെ കർൽകതൊഴിലാളി നേതാവായി ഉയരുകയും ബൈസൺവാലി, രാജാക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാവുകയും ചെയ്തു.

1985ൽ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് എട്ടു തവണകൂടി ആ പദവിയിലേക്ക് എത്തി. 1996ൽ ഉടുമ്പൻചോലയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ സമയത്ത്, ദൗത്യസംഘം പാർട്ടി ഓഫീസ് സ്ഥലവും സഹോദരൻ ലംബോധരന്റെ കയ്യേറ്റവും ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എം എം മണി വി എസ് പക്ഷത്തുനിന്ന് പിണറായിപക്ഷത്തേക്ക് ചുവടുമാറി. ടി പി വധത്തെത്തുടർന്ന് പാർട്ടി പ്രതിസന്ധിയിലായ സമയത്ത്, സിപിഎം എതിരാളികളെ കൊന്നിട്ടുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നടത്തിയ വൺ ടൂ ത്രീ പ്രസംഗം വളരെ വിവാദമാവുകയും അഞ്ചേരി ബേബി വധത്തിന്റെ പുനരന്വേഷണ സംഘത്തിന്റെ നുണപരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു. പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറിപദത്തിൽനിന്നു നീക്കം ചെയ്തു.

2016 ഫെബ്രുവരിയിൽ വനിതാ പ്രിൻസിപ്പാളിനെതിരെ അസഭ്യം പറഞ്ഞതിന് പൊലീസ് കേസെടുക്കുകയും മണി മാപ്പു പറഞ്ഞ് കേസിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഉടുമ്പന്‍ ചോലയില്‍ നിന്നു വിജയിച്ചു.