മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് എം എം മണി. തോമസ് ചാണ്ടി വിവാദത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദകേടാണെന്ന് മന്ത്രി വിമർശിച്ചു. മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തത് ആണെന്നും മന്ത്രി പറഞ്ഞു.
വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം സിപിഎം -സിപിഐ തർക്കങ്ങൾക്കിടെ മൂന്നാർ മേഖലയിൽ നാളത്തെ ഹർത്താലുമായി മുന്നോട്ടു പോകാനാണ് സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയുടെ തീരുമാനം.
അതേസമയം, വനം - റവന്യൂ വകുപ്പുകൾക്കെതിരെ സിപിഎം സമരം പ്രഖ്യാപിച്ചതോടെ ഇടുക്കിയിലെ ഇടതുമുന്നണിയിലും പൊട്ടിത്തെറി തുടരുകയാണ്. സബ്കളക്ടറെയും റവന്യൂ മന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയാണ് സിപിഎം വാക്പോര് നടത്തുന്നത്. ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകാനാണ് സിപിഎമ്മിന്‍റെ തീരുമാനം.
കോൺഗ്രസ്സും ഹർത്താലിനെ പന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കൊട്ടക്കമ്പൂരിലുൾപ്പെടെ കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടു പോകാൻ ഉദ്യോഗസ്ഥർക്ക് റവന്യൂ മന്ത്രി നിർദ്ദേശം സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുമുണ്ട്.
