ദില്ലി: പത്ത് വയസ്സ് മുതൽ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ പരിചയവുമായാണ് വെങ്കയ്യനായിഡു ഇന്ത്യയുടെ രണ്ടാമത്തെ പദത്തിലെത്തുന്നത്. തികഞ്ഞ രാഷ്ട്രീയക്കാരനായ വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയാകുന്നത് രാജ്യസഭയിൽ പ്രതിപക്ഷത്തിന് തലവേദനയാകും. 1949 ജൂലായ് 1 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ഒരു കര്‍ഷക കുടുംബത്തിൽ ജനിച്ച വെങ്കയ്യ നായിഡുവിന് കുട്ടിക്കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഒന്നര വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട വെങ്കയ്യനായിഡു പിന്നീട് മുത്തശ്ശിയുടെ തണലിലാണ് വളര്‍ന്നത്.
പത്താംവയസ്സിലാണ് നായിഡു ആര്‍.എസ്.എസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. രാഷ്ട്രമീമാംസയിൽ ബിരുദവും പിന്നീട് നിയമബിരുദവും നേടിയ വെങ്കയ്യ നായിഡു ആദ്യം എ.ബി.വി.പിയിലും പിന്നീട് ജനസംഘത്തിലും സജീവമായി. എ.ബി.വാജ്പേിയും ജയപ്രകാശ് നാരായണനുമായിരുന്നു നായിഡുവിനെ കുട്ടിക്കാലത്ത് ആകര്‍ഷിച്ച നേതാക്കൾ. ജനതാപാര്‍ടിയുടെ എം.എൽ.എയായി 1978ൽ ആദ്യം ആന്ധ്രപ്രദേശ് നിയമസഭയിൽ എത്തിയ നായിഡു പിന്നീട് 83ൽ ബി.ജെ.പി ടിക്കറ്റിലും വിജയിച്ചു.
ആദ്യം പാര്‍ടി ദേശീയ വക്താവായും പിന്നീട് ജന.സെക്രട്ടറിയായും മാറിയ നായിഡു 2002ൽ ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷനായി. കേന്ദ്രത്തിൽ ഗ്രാമവികസനം, നഗരവികസനം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായ നായിഡു പാര്‍ലമെന്‍റിൽ എന്നും രാജ്യസഭ അംഗമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി രാഷ്ട്രീയക്കാരനല്ലാത്ത ഹമീദ് അൻസാരി രാജ്യസഭയുടെ ദൈന്യംദിനം നടപടികളിൽ കാര്യമായി ഇടപെടുമായിരുന്നില്ല.
സഭ മുന്നോട്ടുകൊണ്ടുപോകേണ്ട ചുമതല അദ്ദേഹത്തിന് കീഴിലുള്ള ഉപാധ്യക്ഷൻമാര്‍ക്ക് നൽകി. എന്നാൽ തികഞ്ഞ രാഷ്ട്രീയക്കാരനായ വെങ്കയ്യനായിഡുവിന്‍റെ പ്രവര്‍ത്തന പരിചയവും ആജ്ഞാ ശക്തിയും രാജ്യസഭയിൽ പ്രതിപക്ഷത്തിന് തലവേദനയാകും. നരേന്ദ്രമോദി സര്‍ക്കാരിന് ബാക്കിയുള്ള 22 മാസത്തിൽ എന്തായാലും രാജ്യസഭയിൽ ഭൂരിപക്ഷം ഉരപ്പാക്കാൻ കഴിയില്ലെന്നിരിക്കേ നായിഡുവിന്‍റെ തന്ത്രങ്ങളേയാവും അവസാന നാളുകളിലെ നിയമനിര്‍മ്മാണങ്ങൾക്ക് ബിജെപി ആശ്രയിക്കുക.
