തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎല്‍എ എം വിൻസൻറിൻറെ ഫോണ്‍ എംഎൽഎ ഹോസ്ററലിലെ മുറിയിൽ നിന്നും കണ്ടെടുത്തു. ഫോണ്‍ ഫൊറൻസിക് പരിശോധനക്ക് അയക്കും. എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും. പരാതിക്കാരിയുടെ സഹോദരനെ എംഎൽഎ ഫോണ്‍ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ വിൻസന്റിനെ ഇന്ന് വൈകുന്നേരം നാലു മണിക്ക് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കും. ഇതിനുശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക.
ഇന്നലെ പൊലീസ് കസ്റ്റഡിയിൽ നൽകിയ വിൻസൻറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് ക്രമസമാധാന പ്രശ്ങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് ഉപേക്ഷിക്കാനാണ് പൊലീസ് തീരുമാനം.
