തൃശൂര്‍: റബ്ബർ ടാപ്പിങ്ങിന് തൊഴിലാളികളെ കിട്ടാനില്ലെന്ന ആശങ്ക ഇനി കര്‍ഷകര്‍ക്ക് വേണ്ട. കർഷകർക്ക് സ്വയം ടാപ്പിങ്ങ് ചെയ്യാവുന്ന യന്ത്രം ഉടൻ വിപണിയിലെത്തും. തൃശൂരിൽ നടക്കുന്ന വൈഗ അന്താരാഷ്ട്ര പ്രദർശനത്തിൽ ടാപ്പിങ്ങ് യന്ത്രം മന്ത്രി വിഎസ് സുനിൽകുമാർ പുറത്തിറക്കി.
ടാപ്പിങ്ങ് തൊഴിലാളികളുടെ ലഭ്യത കുറവും ഉയർന്ന കൂലിയുമാണ് റബ്ബർ കർഷകർ കാലങ്ങളായി നേരിടുന്ന വെല്ലുവിളി. ഒമ്പത് കൊല്ലം മുൻപ് ഇതേ പ്രശ്നം സ്വന്തം ജീവിതത്തിലും വന്നപ്പോഴാണ് സുഹൃത്തുക്കളായ ജോസഫും ജിമ്മിയും പുതിയ യന്ത്രത്തെക്കുറിച്ച് ആലോചിച്ചത്. അറുന്നൂറോളം പരീക്ഷണങ്ങൾക്കൊടുവിലാണ് ഏതൊരു കർഷകനും അനായാസം ഉപയോഗിക്കാവുന്ന ടാപ്പിങ്ങ് യന്ത്രം ഇവർ വികസിപ്പിച്ചെടുത്തത്.
ഒരു മരം ടാപ്പ് ചെയ്യാൻ എട്ട് സെക്കന്‍റ് സമയം മതി. വൈദ്യുതി ബാറ്ററിയിൽ ഉപയോഗിക്കാവുന്ന യന്ത്രം ഒരു തവണ ചാർജ് ചെയ്താൽ 400 മരങ്ങൾക്ക് വരെ ഉപയോഗിക്കാം. ഓട്ടോ ടാപ്പർ എന്ന് പേരിട്ടിരിക്കുന്ന യന്ത്രത്തിന് ആഗോള പാറ്റന്‍റിനായി അപേക്ഷിച്ചിരിക്കുകയാണ്.
