കൊച്ചി: ചികില്‍സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനി ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതിയുടെ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് 8 ദിവസത്തേക്ക് കേരളത്തിലെത്തുന്നത്. കനത്ത സുരക്ഷയാണ് മഅദനിക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്

നിലവില്‍ ബെംഗളൂരു സഹായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനി നാളെ രാവിലെ ഒന്‍പതേമുക്കാലോടെ ബെംഗളൂരു വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും. അവിടെ നിന്ന് 12.55നാണ് വിമാനം. രണ്ട് മണിയോടെ നെടുമ്പാശ്ശേരിയിലെത്തും. അവിടെ നിന്നും റോഡ് മാര്‍ഗ്ഗം കൊല്ലം അന്‍വാര്‍ശ്ശേരിയിലേക്ക് തിരിക്കും. വൈകീട്ട് നാലോടെ സ്വദേശമായ അന്‍വാര്‍ശ്ശേരിയില്‍ എത്തും. ചികില്‍സക്കായി നേരത്തതന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് പോരാന്‍ മഅദനിക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ചികിത്സയിലുള്ള അമ്മയെ കാണണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എട്ട് ദിവസവും മദനിയ്ക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്ന് കര്‍ണാടക പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം കര്‍ണാടക പൊലീസിന്റെ പത്തംഗ സായുധസേന റോഡ് മാര്‍ഗം കൊച്ചിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒരു എസിപിയും,എസ്‌ഐയും മദനിയ്‌ക്കൊപ്പം വിമാനമാര്‍ഗവും കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് അന്‍വാര്‍ശ്ശേരി വരെയും, തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലും ഇവരായിരിക്കും സുരക്ഷയൊരുക്കുക. ജൂലൈ പന്ത്രണ്ടിന് മഅദനി ബംഗലൂരുവിലേക്ക് തിരിക്കും.