ഭോപ്പാല്‍: മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു. പോലീസ് നടപടിയിൽ ആറു പേ‍ർ മരിച്ച മൻഡ്സോർ സന്ദർശിക്കാനെത്തിയ ജ്യോതിരാദിത്യ സിന്ധ്യയേയും ഹാർദിക് പട്ടേലിനെയും പോലീസ് അറസ്റ്റു ചെയ്തു. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരത്ബന്ദ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചന തുടങ്ങി.

മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ മണ്ഡലത്തിൽ ഇന്നലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് വിധിഷയിലും ഹോഷംഗാബാദിലും രണ്ട് കർഷകർ കൂടി ആത്മഹത്യ ചെയ്തു. കടക്കെണിയാണ് ആത്മഹത്യയ്ക്ക കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ആറു കർഷകർ പോലീസ് നടപടിയിൽ മരിച്ച മൻഡ്സോറിൽ നിരോധനാജ്ഞ തുടരുകയാണ്. കോൺഗ്രസ് നേതാവ് ജ്യോതിരാജിത്യസിന്ധ്യയും ഗുജറാത്തിലെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലും മരിച്ചവരുടെ ബന്ധുക്കളെ കാണാനെത്തിയപ്പോൾ പോലീസ് തടഞ്ഞു. ജ്യോതിരാദിത്യസിന്ധ്യയെ അറസ്റ്റു ചെയ്തു നീക്കിയത് പ്രതിഷേധത്തിനിടയാക്കി

നാളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മൻഡ്സോറിൽ സന്ദർശനം നടത്തും. രാജ്യത്തുടനീളമുള്ള കർഷകപ്രകേഷോഭത്തിന് പിന്തുണ വ്യക്തമാക്കി പ്രതിപക്ഷ ഭാരത് ബന്ദ് പ്രഖ്യാപിച്ചേക്കും. മൻഡ്സോറിൽ കർഷകർക്കെതിരെ വെടിവച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടക്കാത്ത പോലീസ് അക്രമത്തിന് പ്രേരണ നല്കിയതിന് എംഎൽഎ ഉൾപ്പടെ കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

കർഷകപ്രക്ഷോഭം തുടരുന്നതിനിടെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോയി. മുത്തശ്ശിയെ സന്ദർശിക്കാനാണ് യാത്രയെന്നും അവർക്കൊപ്പം കുറച്ചു ദിവസം ചെലവഴിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.