Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ സമാധാനം പുനസ്ഥാപിക്കാൻ മുഖ്യമന്ത്രിയുടെ ഉപവാസം

Madhya Pradesh farmers unrest Shivraj Singh Chouhan begins fast Cong protests in Bhopal
Author
First Published Jun 10, 2017, 6:07 PM IST

ഭോപ്പാല്‍: മധ്യപ്രദേശിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉപവാസം തുടങ്ങി. കടാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. മൻസോറിൽ തുടങ്ങിയ കർഷക പ്രക്ഷോഭം അതേസമയം ഭോപ്പാൽ, ചിന്ത്വാഡ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയാണ്.

 മധ്യപ്രദേശിലെ മൻസോറിൽ പോലീസ് വെടിവയ്പിൽ അഞ്ചു കർഷകർ മരിച്ചതിനു ശേഷം സംസ്ഥാനത്ത് പലയിടത്തേക്കും കർഷകപ്രക്ഷോഭം പടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉപവാസം തുടങ്ങിയത്. ഭോപ്പാലിലെ ദഷറ മൈതാനത്താണ് ഉപവാസം. മന്ത്രിസഭാ അംഗങ്ങളും ബിജെപി നേതാക്കളും മുഖ്യമന്ത്രിയുടെ ഭാര്യ സാധനാ സിംഗും ഉപവാസ വേദിയിലുണ്ട്. 

കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ നടപടി എടുത്തിട്ടുണ്ടെന്നും എല്ലാ ആവശ്യങ്ങളും ഉപവാസ വേദിയിൽ ചർച്ച ചെയ്യാമെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. രാഷ്ട്രീയലക്ഷ്യത്തോടെ കർഷകസമരത്തിൽ കടന്നുകയറി അക്രമം നടത്തിയവരെ വെറുതെ വിടില്ലന്നും ചൗഹാൻ വ്യക്തമാക്കി

എന്നാൽ വായ്പ എഴുതിതള്ളൽ പദ്ധതി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് മധ്യപ്രദേശ് കൃഷി മന്ത്രി ഗൗരി ശങ്കർ ബിസൻ അറിയിച്ചു. ഇപ്പോൾ തന്നെ കർഷകർക്ക് പലിശരഹിത വായ്പ നല്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മൻസോറിൽ ഒരു കർഷകൻ കൂടി മരിച്ചിരുന്നു. 

തലസ്ഥാനനഗരമായ ഭോപ്പാലിലേക്കും ചിന്ത് വാഡയിലേക്കും കർഷക പ്രക്ഷോഭം വ്യാപിക്കുകയാണ്. ഉത്തർപ്രദേശിലും കർഷകർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശിവരാജ് സിംഗ് ചൗഹാന്റെ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.
 

Follow Us:
Download App:
  • android
  • ios