മധ്യപ്രദേശിലെ ഇൻഡോർ 3 നിയമസഭ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി ദീപക് പവാറാണ് റിട്ടേണിങ്ങ് ഉദ്യോഗസ്ഥന് മുമ്പാകെ നാണയങ്ങൾ സമർപ്പിച്ചത്. 

ഇൻഡോർ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമ നിർദ്ദേശിക പ്രതിക സമർപ്പിക്കാന്‍ വേണ്ട പണം ഒരു രൂപയുടെ 10,000 നാണയങ്ങളായി നല്‍കി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ ഇൻഡോർ 3 നിയമസഭ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി ദീപക് പവാറാണ് റിട്ടേണിങ്ങ് ഉദ്യോഗസ്ഥന് മുമ്പാകെ നാണയങ്ങൾ സമർപ്പിച്ചത്.

റിട്ടേണിങ്ങ് ഓഫീസർ ശശ്വാന്ത് ശർമ്മയുടെ നേതൃത്വത്തിൽ അഞ്ച് ഉദ്യോഗസ്ഥർ ചേർന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്താണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്. ശേഷം പണം നൽകിയതിന്റെ രസീത് ദീപകിന് നൽകുകയും ചെയ്തതായി ശശ്വാന്ത് ശർമ്മ പറഞ്ഞു.

അഭിഭാഷകനും സ്വർണിം ഭാരത് ഇൻക്വിലാബ് പാർട്ടിയുടെ നേതാവുമായ പവാർ ആദ്യമായി അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജനങ്ങൾ നൽകിയ സംഭാവനയാണ് ഈ നാണയങ്ങൾ. സംഭാവനയായി നോട്ടുകള്‍ ഒന്നും ലഭിച്ചില്ല. അതിനാലാണ് ജനങ്ങള്‍ തന്നെ നല്‍കിയ നാണയങ്ങൾ തന്നെ സമര്‍പ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.