തമിഴ്നാട്ടില്‍ സ്‌പീക്കര്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഭരണപക്ഷത്തുള്ള 12 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് ടി ടി വി ദിനകരന്‍ അവകാശപ്പെട്ടു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഡിഎംകെയും കോണ്‍ഗ്രസും ഇന്ന് യോഗം ചേരും.

അയോഗ്യരാക്കിയതിനെതിരെ ദിനകരന്‍ ക്യാംപിലെ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ നടപടിയുടെ നിയമപരമായ വശം സംബന്ധിച്ച അക്കമിട്ട് നിരത്തിയ വിജ്ഞാപനമാണ് സ്‌പീക്കര്‍ പി ധനപാല്‍ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ എംഎല്‍എമാര്‍ ഗവര്‍ണറെയല്ല, പാര്‍ട്ടി നേതൃത്വത്തെയാണ് സമീപിയ്‌ക്കേണ്ടിയിരുന്നതെന്ന് സ്‌പീക്കര്‍ പറയുന്നു. അതിന് പകരം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നടത്തുന്നതിനെതിരെ കോടതിയെ സമീപിക്കുകയാണ് എംഎല്‍എമാര്‍ ചെയ്തത്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ ശേഷം എംഎല്‍എമാര്‍ ഒളിവില്‍ പോയി. 2011 ല്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്‌ക്കെതിരെ എംഎല്‍എമാര്‍ പരാതി നല്‍കിയതിന് അവരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സമാനമായ സാഹചര്യമല്ല തമിഴ്നാട്ടിലുള്ളത്. സ്‌പീക്ക‌ര്‍ പക്ഷഭേദത്തോടെ പെരുമാറിയെന്നാണ് അന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. എന്നാല്‍ താന്‍ 19 എംഎല്‍എമാര്‍ക്കും വിശദീകരണം നല്‍കാന്‍ വേണ്ടത്ര സമയം കൊടുത്തതാണ്. കമ്പം എംഎല്‍എ ജക്കയ്യനൊഴിച്ച് വേറെ ആരും വിശദീകരണം നല്‍കാന്‍ വന്നില്ല. പോണ്ടിച്ചേരി റിസോര്‍ട്ടില്‍ വെച്ച് സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള കൂടിയാലോചനകള്‍ നടന്നെന്ന് ജക്കയ്യന്‍ തനിയ്‌ക്ക് മൊഴി തന്നിട്ടുണ്ട്. ഇവയെല്ലാം പാര്‍ട്ടിയ്‌ക്ക് വിരുദ്ധമായി 18 എംഎല്‍എമാര്‍ പ്രവര്‍ത്തിച്ചെന്നതിന് തെളിവുകളാണെന്നും സ്‌പീക്കര്‍ വിശദീകരിയ്‌ക്കുന്നുണ്ട്. ഇതേ വാദങ്ങളാകും ഇന്ന് കോടതിയിലും സര്‍ക്കാര്‍ നിരത്തുക. എന്നാല്‍ തനിക്ക് ഇനിയും 12 സ്ലീപ്പര്‍ സെല്‍ എംഎല്‍എമാര്‍ ഭരണപക്ഷത്തുണ്ടെന്ന് ടി ടി വി ദിനകരന്‍ അവകാശപ്പെടുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന ഡിഎംകെ, കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ സര്‍ക്കാരിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനമുണ്ടായേക്കും. വിശ്വാസവോട്ടെടുപ്പിനുള്ള സ്റ്റേ കാലാവധി നാളെ അവസാനിയ്‌ക്കുന്നതിനാല്‍ ഗവര്‍ണര്‍ ഉടന്‍ ചെന്നൈയിലെത്തിയേക്കും. ഇന്നലെ രാഷ്‌ട്രപതിയുമായും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും സി വിദ്യാസാഗര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.