മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത നാല് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മാണിയൂർ ചെക്കിക്കുളം ’സാജിദാ’സിൽ പി.പി.ഹർഷാദിനെ(33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍: മതപഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മാണിയൂർ ചെക്കിക്കുളം ’സാജിദാ’സിൽ പി.പി.ഹർഷാദിനെ(33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമ്മൂന്ന് വയസ്സ് പ്രായമുള്ള നാലു വിദ്യാർത്ഥിനികളാണ് പീഡനത്തിനിരയായത്.
ഇയാളുടെ പേരിൽ പൊലീസ് നാല് കേസുകളെടുത്തു. ഒറ്റയ്ക്ക് മദ്രസയിൽ നേരത്തേയെത്തുന്ന വിദ്യാർത്ഥിനികളുടെ ശരീരത്തിൽ സ്പര്‍ശിച്ച് അപമാനിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വിദ്യാർഥിനികളിൽ നിന്ന് ചൈൽഡ് ലൈൻ അധികൃതർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സ്‌കൂളിൽ വെച്ചുള്ള സംഭാഷണത്തിൽ പെൺകുട്ടികൾ ഇക്കാര്യം സഹപാഠികളോട് പങ്കുവെക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിദ്യാർത്ഥിനികളിൽ നിന്നു പൊലീസ് ബുധനാഴ്ച മൊഴിയെടുത്തിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ പ്രതിയെ അറസ്റ്റുചെയ്തു.
