മധുര: അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. 16 കാരിയായ അന്നാലക്ഷ്മിയെയാണ് മാതാപിതാക്കളായ ഗണവേലവും സീതാലക്ഷ്മിയും കെട്ടിതൂക്കിയത്. ഒക്ടോബര്‍ ഏഴിന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. 10-ാം ക്ലാസ് പരീക്ഷ ജയിക്കാത്തതിനെ തുടര്‍ന്ന് നിരാശയിലായിരുന്നു മകളെന്നും അത് ആത്മഹത്യയിലേക്ക് നയിച്ചതാകാം കാരണം എന്നുമാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മകള്‍ക്ക് പല യുവാക്കളുമായി ബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയ്ക്ക് അന്യജാതിയില്‍പ്പെട്ട യുവാവിനോട് പ്രണയമുണ്ടായിരുന്നതായും അത് മാതാപിതാക്കള്‍ നിരസിച്ചിരുന്നതായും പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു.