കാഠ്മണ്ഡു: ജനങ്ങളെ ഭീതിയിലാഴ്ത്തി നേപ്പാളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സിന്ധുപാല്‍ചൗക്കിലാണ് പ്രധാനമായും ബൂചലനം അനുഭവപ്പെട്ടത്. 

റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് ഇവിടെ അനുഭവപ്പെട്ട ഭൂചലനത്തില്‍ രേഖപ്പെടുത്തിയത്. സിന്ധുപാല്‍ചൗക്ക് കൂടാതെ, കാഠ്മണ്ഡുവിലെ ചിലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി സൂചനയില്ല. 

നേരത്തേ ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 8.5 തീവ്രതയോ അതിന് മുകളിലോ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് സാധ്യതയെന്ന് ഈ മാസം ആദ്യമാണ് മുന്നറിയിപ്പ് വന്നത്. 

മുമ്പ് 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 9,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആ ദുരന്തത്തില്‍ നിന്ന് നേപ്പാള്‍ ഇനിയും പൂര്‍ണ്ണമായും കര കയറിയിട്ടില്ല. അതിനിടയിലാണ് ഇനിയും ദുരന്തങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് വരുന്നത്.