മഹാരാജാസ് കോളേജ് ഇന്ന് വീണ്ടും തുറന്നു
കൊച്ചി: അഭിമന്യുവിന്‍റെ ഓര്‍മ്മകള്‍ ബാക്കിവെച്ച് മഹാരാജാസ് കോളേജ് ഇന്ന് വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം കേരളത്തെ നടുക്കിയ കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് അധ്യയനം തുടങ്ങിയത്. അഭിമന്യുവിന്‍റെ സഹപാഠികളും അധ്യാപകരും പങ്കെടുത്ത അനുശോചന യോഗം കോളേജിൽ നടന്നു. അഭിമന്യുവിനെ അനുസ്മരിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാക്കുകൾ ക്യാമ്പസില്‍ വികാരനിർഭരമായ രംഗങ്ങൾക്കിടയാക്കി. പലരും വിങ്ങിപ്പെട്ടി, വാക്കുകള്‍ മുറിഞ്ഞു.
മഹാരാജാസ് കോളേജില്‍ ഇന്ന് വീണ്ടും ക്ലാസ് തുടങ്ങുമ്പോള്‍ രണ്ടാം വര്‍ഷ കെമസ്ട്രി ക്ലാസില്‍ അഭിമന്യു ഇല്ല. ആ സത്യം ഉള്‍കൊള്ളാന്‍ കഴിയാതെ അഭിമന്യുവിന്‍റെ സഹപാഠികളും ഇന്ന് ക്ലാസിലെത്തിയിട്ടില്ല. അഭിമന്യുവിന്‍റ സഹപാഠികളെ ഫോണ്‍വഴി ബന്ധപ്പെടാനുളള ശ്രമത്തിലാണ് അധ്യാപകര്‍. ധൈര്യം പകരാനും ആശ്വാസിപ്പിക്കാനും വേണമെങ്കില്‍ കൗണ്‍സിലിങ് നടത്തിയും അവരെ എത്രയും വേഗം ക്ലാസിലെത്തിക്കാന്‍ ആകുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
