ദില്ലി: ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്ത വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ. അമരാവതിയിലെ കോളേജിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രിയുടെ വിവാദ നടപടി. മന്ത്രിയുടെ നടപടിക്കെതിരെ ശിവസേന യുവജന അധ്യക്ഷൻ ആദിത്യ താക്കറെ രംഗത്തെത്തി.

വിദ്യാഭ്യാസ മന്ത്രിയും കോളേജ് വിദ്യാർത്ഥികളുമായി നടന്ന ചോദ്യോത്തര പരിപാടിക്കിടെയാണ് മന്ത്രിയുടെ വിവാദ നടപടി.  ഉന്നത വിദ്യാഭ്യാസച്ചെലവുകള്‍ വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കുമോ മന്ത്രിയോട് മാധ്യമവിദ്യാർത്ഥി പ്രശാന്ത് റാത്തോഡ് ചോദിച്ചു. 

എന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയില്ലെങ്കില്‍ പണിക്കു പോട്ടെ എന്ന് മന്ത്രി രൂക്ഷമായി  മറുപടി നൽകി. തുട‍ർന്ന്  ഇതിന്റെ ദൃശ്യങ്ങൾ  പകര്‍ത്തുകയായിരുന്ന വിദ്യാര്‍ത്ഥിയോട് ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ദൃശ്യങ്ങള്‍ മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ടുവെന്നും ചോദ്യം ചോദിച്ച പ്രശാന്ത് റാത്തോഡിനെ അറസ്റ്റു ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നുമാണ് ആരോപണം.

മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് തന്നെ ഒരു മണിക്കുറോളം തടഞ്ഞുവെച്ച് വിരട്ടിയെന്ന് വിദ്യാർത്ഥി പറഞ്ഞു.മന്ത്രിയുടെ നടപടിക്കെതിരെ യുവസേന നേതാവ് ആദിത്യ താക്കറെ രംഗത്ത് എത്തി. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ സങ്കീര്‍ണമായ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മന്ത്രി ശ്രമിക്കുകയാണെന്ന് താക്കറെ ആരോപിച്ചു. 

എന്നാൽ  ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു  പോലീസിനോട് ആരെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടി നല്ലപോലെ മുന്നോട്ടു പോവാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്താന്‍ പറഞ്ഞതെന്നുമാണ് മന്ത്രിയുടെ വിശദീകരണം