മുംബൈ: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതി ബോംബിട്ട് തകര്‍ക്കുമെന്ന് എംഎല്‍എ. സ്വതന്ത്ര എംഎല്‍എ ബച്ചു കഡുവാണ് വിവാദപരാമര്‍ശവുമായി രഗത്തെത്തിയത്.

സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതി തകര്‍ക്കുമെന്നാണ് എം.എല്‍.എയുടെ ഭീഷണി. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതി ബോംബിട്ട് തകര്‍ക്കും. മറ്റൊരു ഭഗത് സിംഗാകാന്‍ തന്നെ പ്രേരിപ്പിക്കരുതെന്നും എം.എല്‍.എ പറഞ്ഞു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലാണ് ബച്ചുവിന്‍റെ പരാമര്‍ശം.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ ഏഴ് കര്‍കഷര്‍ ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സന്ദര്‍ശിക്കാതെ തന്റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ഭീഷണി. തന്നെ കര്‍ഷകര്‍ക്ക് വേണ്ടി ഭീകരവാദിയാക്കിയാലും കുഴപ്പമില്ലെന്നും ബച്ചു പറഞ്ഞു.

അച്ചാല്‍പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് ബച്ചു കഡു. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെടുന്ന സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച 21 അംഗ സമിതിയിലെ അംഗമാണ് ബച്ചു കഡു.