മുംബൈ: മദ്യലഹരിയില്‍ അമ്മയുമായി വഴക്കിട്ട മകന്‍ അമ്മയെ കൊന്ന് ശരീരം കീറിമുറിച്ച് ഹൃദയം വലിച്ചു പുറത്തെടുത്ത ശേഷം ചട്‍നിയും കുരുമുളകുപൊടിയും കൂട്ടി കഴിച്ചു. മഹാരാഷ്ട്രയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്.

മഹാരാഷ്ട്രയിലെ കോലാപൂരില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 65 വയസ്സുകാരിയായ യെലാവയെന്ന വയോധികയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ കോലാപൂരി സ്വദേശിയായ സുനില്‍ കുച്ചാക്കുര്‍ണി എന്ന 27 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന സുനില്‍ വീട്ടിലെത്തി ഭക്ഷണത്തിന്‍റെ പേരില്‍ അമ്മയോടു വഴക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

നിര്‍മ്മാണത്തൊഴിലാളിയാണ് സുനില്‍. ഇയാള്‍ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയപ്പോഴായിരുന്നു ക്രൂരകൃത്യം.

മദ്യപിച്ച് ലക്കുകെട്ട് വീട്ടിലേക്കു വരും വഴി അയല്‍പക്കത്തെ വീട്ടില്‍ക്കയറി ഭക്ഷണം ചോദിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി അമ്മയോടു വഴക്കിടുകയായിരുന്നു. വഴക്കിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്‍ത്തിയ ഇയാള്‍ അമ്മയുടെ ശരീരം കുത്തിക്കീറി അതില്‍ നിന്നും ഹൃദയമെടുത്തു ചട്‍നിയും കുരുമുളകുപൊടിയും കൂട്ടി കഴിക്കുകയായിരുന്നുവത്രെ.

കൈകളിലും ദേഹത്തും രക്തക്കറയുമായി ഇയാള്‍ പുറത്തേക്കിറങ്ങുന്നതു കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.