കോട്ടയം: കോളേജ് ക്യാംപസുകളില്‍ സ്ത്രീ ലൈംഗികാവയവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കി. സ്ത്രീത്വത്തെ അവഹേളിക്കുന്ന നടപടിയാണ് എസ്എഫ്ഐയുടേതെന്ന് പരാതിയില്‍ പറയുന്നു. കോട്ടയം മാന്നാനം കെ ഇ കോളേജിലും ഏറ്റുമാനൂര്‍ ഐടിഐയിലും വനിതാ ദിനത്തില്‍ വന്ന പോസ്റ്ററുകളാണ് പരാതിക്കാധാരം.

വിവാദ പോസ്റ്ററുകള്‍ സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കിയത്. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും ഇടിച്ചുതാഴ്ത്തുന്നതാണ് പോസ്റ്ററുകളിലെ പരാമര്‍ശങ്ങളെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകളെ അവഹേളിച്ചതിന് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം.

കഴിഞ്ഞ വനിതാ ദിനത്തിലാണ് പരാതിക്കാധാരമായ പോസ്റ്ററുകള്‍ മാന്നാനം കെ.ഇ. കോളേജിലും ഏറ്റുമാനൂര്‍ ഐടിഐയിലും പതിച്ചത്. സ്ത്രീ ലൈംഗികാവയവങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പതിച്ചത് യൂണിയന്‍ ഭാരവാഹികളും. കോളേജിലെ വനിതാ അധ്യാപകര്‍ ഇതെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. പോസ്റ്ററിനെച്ചൊല്ലി എസ്എഫ്ഐ - കെഎസ്‌യു സംഘര്‍ഷമുണ്ടാവുകയും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എം. അരുണിനും എംജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും അംഗപരിമിതനുമായ സഞ്ജു സദാനന്ദനുമാണ് വെട്ടേറ്റത്. പോസ്റ്ററിനെച്ചൊല്ലി വിവാദം മുറുകുമ്പോഴും ഇതെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എഫ്ഐ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.