കൊളംബോ; ശ്രീലങ്കയിൽ മഹീന്ദ രജപക്സെയ്ക്ക് കനത്ത തിരിച്ചടി. രജപക്സെ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ശബ്ദവോട്ടോടെ പാസായതായി സ്പീക്കര്‍ പ്രസിഡന്‍റിനെ അറിയിച്ചു. 225 അംഗ പാര്‍ലമെന്‍റില്‍ 122 പേരുടെ പിന്തുണ വിക്രമസിംഗെയ്ക്കുണ്ട്.

അവിശ്വാസപ്രമേയം പരിഗണിക്കാനായി രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ രജപക്സെ അനുകൂലികളായ എംപിമാര്‍ ബഹളം തുടങ്ങി. വോട്ടെടുപ്പിന് തയ്യാറാകാന്‍ സ്പീക്കര്‍ കാരു ജയസൂര്യ നിര്‍ദേശിച്ചതിന് പിന്നാലെ രജപക്സെയും മകനും സഭ വിട്ടു. 3 തവണ സ്പീക്കര്‍ മുന്നറിയിപ്പ് നൽകിയിട്ടും വോട്ടെടുപ്പിലേക്ക് കടക്കാന്‍ രജപക്സെ അനുകൂലികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് രജപക്സെക്കെതിരായ പ്രമേയം ശബ്ദവോട്ടോടെ പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

തൊട്ടുപിന്നാലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ച വിക്രമസിംഗെ പക്ഷം 122 എംപിമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. ശബ്ദവോട്ടോടെ പാസ്സായ പ്രമേയം അംഗീകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ നാളെ പാര്‍ലമെന്‍റില്‍ വോട്ടെടുപ്പിന് എത്തണമെന്നും വിക്രമസിംഗെ ആവശ്യപ്പെട്ടു.

സ്പീക്കറെ വിശ്വാസമില്ലെന്നും തുടര്‍നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നുമായിരുന്നു രജപക്സെയുടെ മകന്‍ നമലിന്‍റെ പ്രതികരണം. പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡന്‍റ് സിരിസേനയുടെ നടപടി സുപ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ മാസം 26ന് സിരിസേന പ്രധാനമന്ത്രി വിക്രമസിംഗയെ പുറത്താക്കി രജപക്സെയെ പകരം നിയമിച്ചതോടെയാണ് ശ്രീലങ്കയിൽ രാഷ്ടീയപ്രതിസന്ധി കനത്തത്.