സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദി നേതാവുമായ ഡോക്ടര്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊലചെയ്യപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെ കേസില്‍ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വിരേന്ദ്ര താവ്‌ഡെയെന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകനായ ഇയാളെ മുന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. താവ്‌ഡെയുടെ വീട്ടില്‍നിന്നും കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. കേസില്‍ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന സാരംഗ് അകോല്‍ക്കര്‍ ഒളിവിലാണ്. 2013 ഓഗസ്റ്റ് ഇരുപതിന് രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു ബൈക്കിലെത്തി അക്രമിസംഘം ധാബോല്‍ക്കറെ വെടിവെച്ചുകൊന്നത്. കേസ് ആദ്യം അന്വേഷിച്ച പൂനെ പോലിസിനും മുംബൈ ക്രൈംബ്രാഞ്ചിനും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു അന്വേഷണം സിബിഐയെ ഏല്‍പിച്ചത്.