പശ്ചിമേഷ്യൻ യുദ്ധഭീതിക്കിടെ ഇന്ത്യൻ എൽപിജി ടാങ്കറായ ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. അതേസമയം, ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന ഒരു എണ്ണ ടാങ്കർ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു, എന്നാൽ ഇത് പണമിടപാട് തർക്കം മൂലമാണെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു.

കണ്ണൂർ : പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഇന്ത്യൻ എൽപിജി ടാങ്കർ ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നു. ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണ ടാങ്കർ അതേസമയം ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു. പണം നൽകുന്നതിലെ തർക്കം കാരണമാണ് കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടത് എന്ന റിപ്പോർട്ട് കേന്ദ്രം തള്ളി. ഗാർഹിക വാണിജ്യ സിലണ്ടറുകൾ ബുക്ക് ചെയ്യുന്നവർ പുതിയ പിഎൻജി കണക്ഷനും അപേക്ഷ നൽകണമെന്ന് ദില്ലി സർക്കാർ ഉത്തരവിറക്കി.

യുദ്ധം ആരംഭിച്ച ശേഷം ഇത് ഏഴാമത്തെ ഇന്ത്യൻ കപ്പലാണ് ഹോർമുസ് വിജയകരമായി കടന്നത്. 46,655 മെട്രിക് ടൺ എൽപിജിയുമായി ആണ് ഗ്രീൻ സാൻവി ഇന്ത്യയിലേക്ക് എത്തുന്നതെന്ന് ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നാളെയോടെ കപ്പൽ ഇന്ത്യൻ തീരത്ത് എത്തും. ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇനി 17 ഇന്ത്യൻ കപ്പലുകൾ കൂടിയാണുള്ളത്. ഇതിൽ എൽപിജി ടാങ്കറുകളായ ഗ്രീൻ ആശയും ജഗ് വിക്രമും ഉൾപ്പെടുന്നു. ഇവ രണ്ടും ഉടൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ നാവികസേനയുടെ അന്തിമഅനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം. ഈ രണ്ട് എൽപിജി ടാങ്കറുകളും പെർഷ്യൻ ഗൾഫിലെ അബു മൂസ ദ്വീപിന് സമീപം വടക്കുകിഴക്കൻ മേഖലയിലാണുള്ളത്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.

ഇറാനിൽ നിന്ന് വരികയായിരുന്ന എണ്ണ ടാങ്കർ ചൈനയിലേക്ക് വഴിതിരിച്ചു

ഇന്ത്യയിലേക്ക് ഇറാനിൽ നിന്ന് വരികയായിരുന്ന എണ്ണ ടാങ്കർ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു .ആറു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉള്ള കപ്പലാണ് ഇന്ത്യൻ തീരത്ത് അടുക്കാതെ പോയത്. പണം എങ്ങനെ നല്കും എന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളാണ് ഇതിന് കാരണമെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. എന്നാലിത് കേന്ദ്രം തള്ളി. ചരക്കുകപ്പലുകൾ വിപണയിലെ സാഹചര്യം അനുസരിച്ച് തുറമുഖങ്ങൾ മാറിപ്പോകുന്നത് സാധാരണമെന്നാണ് വിശദീകരണം. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ നിറച്ച എണ്ണ ടാങ്കറുകളുടെ ഉപരോധം അമേരിക്ക താല്ക്കാലികമായി നീക്കിയിരുന്നു. ഇന്ത്യയുടെ 155 നാവികരെ ഈ മേഖലയിൽ നിന്ന് കഴിഞ്ഞ ഒരു ദിവസം കൊണ്ട് തിരികെ എത്തിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി.ഗാർഹിക വാണിജ്യ സിലണ്ടറുകൾ ബുക്ക് ചെയ്യുന്നവർ പുതിയ പിഎൻജി കണക്ഷന് അപേക്ഷ നൽകണമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. പൊതുമേഖലസ്ഥാപനമായ ഇന്ദ്പ്രസ്ഥ ഗ്യാസിന് അപേക്ഷ നൽകണം. പൈപ്പ് കണക്ഷന് അടിസ്ഥാനസൌകര്യം ഇല്ലാത്തവർ ഈക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും ദില്ലി സർക്കാർ വ്യക്തമാക്കി.