കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവുമായ നന്ദകുമാര്‍ കോടതിയില്‍ കീഴടങ്ങി. അതിനിടെ ചെറുവാഞ്ചേരിയില്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുടെ വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെ നടന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒന്നാംപ്രതിയാണ് സിപിഎം അന്നൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാമചന്ദ്രന്റെ അയല്‍വാസി കൂടിയാണ് നന്ദകുമാര്‍. വീട്ടുകാര്‍ നന്ദകുമാറിനെക്കുറിച്ച് നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നുവെങ്കിലും ഒളിവിലായിരുന്ന ഇയാള്‍ രാവിലെ പതിനൊന്നരയോടെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ ഈ കേസില്‍ നേരിട്ട് പങ്കുള്ള ആറു പേര്‍ പിടിയിലായി. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. മറ്റൊരു സിപിഎം പ്രവര്‍ത്തകനായ രജിത് കൂടി കേസിലുണ്ടെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളൂ.

സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വധിച്ച കേസില്‍ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പിടിയിലായിട്ടുണ്ട്. ഈ കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് ആര്‍.എസ്.എസ് പ്രചാരകും തിരുവനന്തപുരം സ്വദേശിയുമായ കണ്ണന്‍, ജില്ലാ കാര്യവാഹക് കാരയില്‍ രാജേഷ് എന്നിവരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.

അതിനിടെ ഇന്നലെ രാത്രിയാണ് ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്ന ചെറുവാഞ്ചേരിയിലെ സജിത്തിനും അമ്മ രജനിക്കും നേരെ ആക്രമണമുണ്ടായത്. വീടിന്റെ വാതില്‍ തകര്‍ത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. മുന്‍ ബിജെപി നേതാവ് അശോകനൊപ്പം പാര്‍ട്ടി സിപിഎമ്മില്‍ ചേര്‍ന്നയാളാണ് സജിത്ത്.