ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ മൈത്രി സംഘടന. ആത്മഹത്യാ പ്രതിരോധ ദിനമായ നാളെ ആത്മഹത്യയ്ക്ക്‌ എതിരെ 'ജീവന്റെ വെളിച്ചം പകരാം ഒരു മെഴുകു തിരി വെട്ടം' എന്ന പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മൈത്രി. 24 വർഷമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ആത്മഹത്യാ പ്രതിരോധ സംഘടനയാണ് മൈത്രി. ആത്മഹത്യാ പ്രതിരോധ സന്ദേശം സമൂഹത്തിന് നൽകുകയെന്നതാണ് സംഘടന ഈ പരിപാടി വഴി ലക്ഷ്യമിടുന്നത്. വീടിന്റെ ജനലരികിൽ ഒരു മെഴുകു തിരി കൊളുത്തി ആത്മഹത്യാ പ്രതിരോധ സന്ദേശം സമൂഹത്തിനു പകരുവാൻ പൊതു ജനങ്ങളോട് അഭ്യർഥിക്കുകയാണ് മൈത്രി.

ഓരോ ആത്മഹത്യയ്ക്കു മുൻപും ആത്മഹത്യ ചെയ്യുന്ന ആളുകൾ നിരവധി സൂചനകൾ നൽകുന്നതായി പഠനങ്ങൾ വെളിവാക്കുന്നു. തക്കതായ സമയത്ത്‌ ഇടപെടൽ നടത്തി വൈകാരിക പിന്തുണ നൽകിയാൽ ഭൂരിപക്ഷം ആത്മഹത്യയും തടയാം എന്ന സിദ്ധാന്തമാണു മൈത്രി പോലെയുള്ള ആത്മഹത്യാ പ്രതിരോധ സംഘടനകളുടെ പ്രവർത്തന തത്വം. ഏകാന്തത, വിഷാദം, ആത്മഹത്യ ചിന്ത എന്നിവയാൽ വിഷമം നേരിടുന്നവർക്ക്‌ മൈത്രിയിലേക്ക് നേരിട്ട് വിളിക്കാവുന്നതും ഉപദേശങ്ങൾ സ്വീകരിക്കാവുന്നതുമാണ്. തീർത്തും സൗജന്യമായാണ് ഇവിടെ സേവനങ്ങൾ നൽകുന്നത്. ഹെൽപ്പ്‌ ലൈൻ നമ്പർ- 0484 2540530