ഒരു ലക്ഷം രൂപയുടെ ചെക്ക് താരത്തിന് കൈമാറി മറ്റൊരു കമ്പിനിയും സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്
കോഴിക്കോട്: ലോക പഞ്ചഗുസ്തി മത്സരത്തില്‍ മജിസിയഭാനുവിന് ഇനി ആത്മവിശ്വാസത്തോടെ പങ്കെടുക്കാം. യുഎഇ കേന്ദ്രീകരിച്ചുള്ള കെപികെ ഗ്രൂപ്പ് ഓഫ് കമ്പിനീസ് മജിസിയയുടെ സ്‌പോണ്‍സര്‍ ഷിപ്പ് ഏറ്റെടുത്തതോടെയാണിത്. ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മജിസിയുടെ എല്ലാ ചിലവും വഹിക്കുമെന്ന് കമ്പിനി എംഡി കെ.പി.കെ റയീസ് ഉറപ്പുതന്നതായി മജിസിയ അറിയിച്ചു.
ഇതിന്റെ ആദ്യഘട്ടമായി ഒരു ലക്ഷം രൂപയുടെ ചെക്ക് താരത്തിന് കൈമാറി. മറ്റൊരു കമ്പിനിയും സമാനമായ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പവര്‍ലിഫ്റ്റിംഗിലെ നേട്ടങ്ങള്‍ക്കു പിറകെയാണ് പഞ്ചഗുസ്തിയും തനിക്ക് വഴങ്ങുമെന്ന് മജിസിയ തെളിയിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരെ തോല്‍പ്പിച്ചാണ് ലഖ്‌നൗവില്‍ നടന്ന ദേശീയ മത്സരത്തില്‍ കോഴിക്കോട് വടകര സ്വദേശിനിയായ മജിസിയ വിജയിയായത്. എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പിനു പോകാന്‍ സര്‍ക്കാരില്‍ നിന്നു വരെ സഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മജിസിയ സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയത്.
മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് ഒട്ടേറെ പേരാണ് സഹായധനം നല്‍കിയത്. എം ഇ എസ്, ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, ഫോര്‍എവര്‍ ഗ്രൂപ്പ് തുടങ്ങി , സോഷ്യല്‍ മീഡിയ വഴിയും നിരവധി പേര്‍ സഹായധനം നല്‍കിയെന്നും മജിസിയ അറിയിച്ചു. അഞ്ചു ലക്ഷം വരെയാണ് മത്സരത്തിനു ചിലവ്. സ്‌പോണ്‍സര്‍മാരെ ലഭിച്ചതോടെ ആത്മ വിശ്വസം വര്‍ധിച്ചുവെന്നും മെഡലുമായി തിരിച്ചുവരുമെന്നും മജിസിയ ഭാനു കൂട്ടിചേര്‍ത്തൂ. ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍ എന്ന പേരില്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലൂടെ ശ്രദ്ധനേടിയ കായികതാരമാണ് മജിസിയ ഭാനു.
മൂന്നു തവണ സംസ്ഥാനത്തെ സ്‌ട്രോംഗ് വുമണായും അഞ്ചു തവണ കോഴിക്കോട് ജില്ലയിലെ സ്‌ടോംഗ് വുമണായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കോഴിക്കോടുകാരി. ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്, ദേശീയ അണ്‍ എക്യുപ്ഡ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് എന്നിവയില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്.
